ഏഷ്യാനെറ്റ് നല്‍കിയ വ്യാജവാര്‍ത്ത സംബന്ധിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം അതിന്റെ പാപഭാരം അറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ അവതരിപ്പിച്ചതെന്ന് പി വി അന്‍വര്‍ എംഎല്‍എ. വിഷയത്തിന്റെ യഥാര്‍ത്ഥ വസ്തുതകളെ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ആരും തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എട്ട പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. എന്നാല്‍ യഥാര്‍ത്ഥ വിഷയം എന്തെന്ന് മനസിലാക്കാന്‍ ശ്രമിക്കാതെ എസ്എഫ്‌ഐ നടത്തിയ സമരം അക്രമമായി എന്ന് മാത്രമാണ് പ്രതിപക്ഷം പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു .
ഈ വിഷയവുമായി എസ്എഫ്‌ഐക്ക് എന്ത് ബന്ധം എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. എന്നാല്‍ ഇത് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കുട്ടി യൂണിഫോം ധരിച്ചാണ് ഇരിക്കുന്നതെന്ന് വിഡിയോയില്‍ മനസിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് ആഗസ്റ്റ് മാസത്തില്‍ നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ മറ്റൊരു കുട്ടിയെ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നത്.
മുന്‍പ് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നത്. അതിനു പിന്നിലെ മാഫിയയ്ക്കും ഈ വിഷയത്തില്‍ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമയാണെന്ന രീതിയില്‍ ചിത്രീകരിച്ച് കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലേക്ക് തള്ളിവിടുകയാണ് ഇവരുടെ ലക്ഷ്യമെന്നും പി വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. രണ്ടര കോടിയോളം രൂപയാണ് പ്രതിപക്ഷത്തിനായി ചെലവാക്കുന്നത്. ആ ചെലവിലാണ് പ്രതിപക്ഷനേതാവ് സര്‍ക്കാരിനെതിരെ കുത്തിത്തിരിപ്പിന് പോകുന്നതെന്നും പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് ഒളിയാക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here