കണ്ണിന് കുളിര്‍മയേകി ഭൂമിയിലിറങ്ങിയ നീലാകാശത്തിന്‍റെ കഷ്ണം

നോക്കെത്താ ദൂരത്തോളം കുളിര്‍മയേകുന്ന നീലനിറം മാത്രം. ആരെയും മാസ്മരിപ്പിക്കുന്ന നീലപ്പൂക്കളുടെ ഒരു സമുദ്രം. അതിരിടുന്ന ആകാശത്തോട് അത്രമേല്‍ ഇഴുകിച്ചേര്‍ന്നു കിടക്കുന്നതിനാല്‍ തെളിഞ്ഞ നീലാകാശത്തിന്റെ ഒരു കഷ്ണമാണോ കണ്മുന്നില്‍ കിടക്കുന്നതെന്ന് തോന്നിപ്പോവും. ജപ്പാനില്‍ നിന്നുള്ള നീലപ്പൂക്കളുടെ താഴ്‌വരയാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്നത്. ജപ്പാനിലെ വസന്തത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഇളം പിങ്ക് ചെറിപ്പൂക്കളും അവ നിറഞ്ഞുകിടക്കുന്ന തെരുവുകളുമാണ് നമുക്ക് ഓര്‍മ വരിക. എന്നാല്‍ ഇപ്പോഴിതാ ജപ്പാനിലെ വസന്തത്തിന്റെ വര്‍ണ്ണ വൈവിധ്യങ്ങള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

ജപ്പാനിലെ ഇബാരക്കി പ്രവിശ്യയുടെ തീരപ്രദേശത്ത് സ്ഥിതി ചെയുന്ന സെന്‍ ഷിന്‍ ഹിറ്റാച്ചി സീ സൈഡ് പാര്‍ക്കിലാണ് ഈ നീലപ്പൂക്കള്‍ വസന്തം വിരിയിച്ചിരിക്കുന്നത്. ബേബി ബ്ലൂ എയ്സ് എന്നറിയപ്പെടുന്ന നെമോഫീലിയ എന്ന വസന്തകാല ചെടിയാണ് ഇത്. ഒക്റ്റാവിയോ പാസിന്റെ ‘ദി ബ്ലൂ ബൊക്കെ’ എന്ന ചെറുകഥയില്‍ പരാമര്‍ശിക്കപ്പെടുന്ന നീലക്കണ്ണുകള്‍ കൊണ്ടുള്ള ബൊക്കെ ഈ പൂക്കളെയാണ് അര്‍ത്ഥമാക്കുന്നത്. 350 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഹിറ്റാച്ചി സീ സൈഡ് പാര്‍ക്കില്‍ അപൂര്‍വവും വൈവിധ്യമാര്‍ന്നതുമായ മറ്റു നിരവധി പൂക്കളുണ്ട്. ഓരോ ഋതുഭേദങ്ങളിലും പൂവിടുന്ന പൂവിനങ്ങള്‍ ഉള്ളതിനാല്‍ വര്‍ഷം മുഴുവന്‍ ഇവിടെ വസന്തമാണ്. ശൈത്യകാലത്ത് വിടരുന്ന ഐസ് റോസുകളും പ്ലം ചെടികളും മഞ്ഞിന്റെ ആവരണത്തിലും നിറങ്ങള്‍ വിതറുന്നു. സൂര്യകാന്തിപ്പൂക്കളും വിവിധ റോസാപ്പൂക്കളും വേനല്‍ക്കാലത്തെ മനോഹരമാക്കുമ്പോള്‍ സമ്മര്‍ സൈപ്രസ് ചെടികളുടെ കടും ചുവപ്പാണ് ശിശിരകാലത്ത് .

4.2 ഹെക്ടറോളമാണ് ബേബി ബ്ലൂ എയ്സ് പുഷ്പങ്ങള്‍ പരന്നു കിടക്കുന്നത്. 32,000 ത്തിലധികം സമ്മര്‍ സൈപ്രസ് പുഷ്പങ്ങളും, 500 ലധികം ഇനം ഡാഫോഡില്‍ പുഷ്പങ്ങളും, 230 ഇനം റ്റുലിപ് പൂക്കളും 120 ലധികം ഇനം റോസാച്ചെടികളും ഇവിടെയുണ്ട്. വര്‍ഷത്തിന്റെ എല്ലാ കാലങ്ങളിലും ഒരേ പോലെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നിടമാണ് ഇവിടം. നീലപ്പൂക്കള്‍ വസന്തം വിരിയിച്ചതോടെ ദിവസവും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here