മാതൃഭൂമി വാര്‍ത്ത പച്ചക്കള്ളമെന്ന് കെഎസ്ആര്‍ടിഇഎ

ശമ്പളം ഗഡുക്കളായി നല്‍കാനുള്ള കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന്റെ ഉത്തരവ് ജീവനക്കാര്‍ അംഗീകരിച്ചതായി പറയുന്ന മാതൃഭൂമി വാര്‍ത്ത പച്ചക്കള്ളമാണെന്ന് കെഎസ്ആര്‍ടിഇഎ (സിഐടിയു). ജീവനക്കാര്‍ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞ തീരുമാനത്തിന് വിരുദ്ധമായി പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രതിഷേധാര്‍ഹവുമാണെന്നും കെഎസ്ആര്‍ടിഇഎ കൂട്ടിച്ചേര്‍ത്തു.

യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത ഈ വാര്‍ത്തയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടന രേഖപ്പെടുത്തുന്നു. എല്ലാ മാസവും അഞ്ചാം തീയതിക്കകം ജീവനക്കാരുടെ ശമ്പളം പൂര്‍ണമായും നല്‍കുമെന്നുള്ളത് 2022 സെപ്റ്റംബറില്‍ 5ന് സംഘടന നടത്തിയ ഐതിഹാസിക സമരത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ്. എന്നാല്‍ 2022 ഒക്ടോബര്‍ മാസം മാത്രമാണ് ബിജു പ്രഭാകര്‍ ഈ ഉറപ്പ് പാലിച്ചിട്ടുള്ളതെന്നും കെഎസ്ആര്‍ടിഇഎ ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസിക്ക് 220 കോടി രൂപ റെക്കോര്‍ഡ് വരുമാനം ലഭിച്ച ജനുവരി മാസം പോലും ജീവനക്കാര്‍ക്ക് പതിനഞ്ചാം തീയതിയാണ് ശമ്പളം നല്‍കിയത്. ഇത് സൂചിപ്പിക്കുന്നത് ശമ്പളം നല്‍കാനുള്ള തുക ഉണ്ടെങ്കില്‍ പോലും അത് നല്‍കാതെ ജീവനക്കാരെ മുഴുവന്‍ സര്‍ക്കാരിനെതിരാക്കുക എന്നുള്ള മാനേജ്‌മെന്റിന്റെ നിഗൂഢ ശ്രമമാണെന്നും സംഘടന വ്യക്തമാക്കി.

ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാത്ത മാനേജ്‌മെന്റ് നടപടികള്‍ക്കെതിരെ കെഎസ്ആര്‍ടിഇഎ നിരന്തരമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് മുന്നോട്ട് പോവുകയാണ്. ചെയ്ത ജോലിക്ക് കൂലി മൊത്തമായി വേണമെങ്കില്‍ അപേക്ഷ നല്‍കണമെന്ന മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ ജീവനക്കാര്‍ ആരും ശമ്പളം മൊത്തമായി വേണമെന്ന് അപേക്ഷ നല്‍കാത്തത് സിഐടിയു ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ്. ഇതിനെ പോലും വക്രീകരിച്ചാണ് മാതൃഭൂമി ലേഖകന്‍ ശമ്പളം മൊത്തമായി വേണമെന്ന് ആരും അപേക്ഷ നല്‍കിയില്ല എന്ന് വാര്‍ത്ത കൊടുത്തിരിക്കുന്നതെന്നും കെഎസ്ആര്‍ടിഇഎ ചൂണ്ടിക്കാട്ടി.

എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം പൂര്‍ണമായും വിതരണം ചെയ്യണമെന്നും ശമ്പളം ഗഡുക്കളായി നല്‍കാനുള്ള ഉത്തരവിനെതിരെ മുഖ്യമന്ത്രി ഇടപെടണം എന്നുമാണ് സംഘടനയുടെ ആവശ്യം. ഇതാവശ്യപ്പെട്ട് 10,000ത്തിലധികം കത്തുകളാണ് സംഘടന നടത്തിയ ക്യാംപയിന്റെ ഭാഗമായി ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം 23ന് അയച്ചത്. ഇതിനെ മറച്ചുവച്ചാണ് മാതൃഭൂമി ട്രേഡ് യൂണിയനുകളെ തള്ളി ജീവനക്കാര്‍ എന്ന് ചിത്രീകരിച്ചിരിക്കുന്നത് എന്നും കെഎസ്ആര്‍ടിഇഎ അറിയിച്ചു.

ഗഡുക്കളായി ശമ്പളം നല്‍കിയതിനെതിരെ സംഘടന തിങ്കളാഴ്ച ചീഫ് ഓഫീസ് ഉപരോധം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഗതാഗത വകുപ്പ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതു കൊണ്ട് ഉപരോധം മാറ്റി പ്രതിഷേധ ധര്‍ണ്ണയാക്കി മാറ്റി നടത്തി. പകുതി ശമ്പളം ബാങ്കില്‍ വന്നാല്‍ ലോണ്‍ തിരിച്ചടവും മറ്റും കഴിച്ചാല്‍ അതില്‍ നിന്നും ഒരു രൂപ പോലും ജീവനക്കാര്‍ക്ക് കുടുംബ ചെലവിന് ലഭിക്കുകയില്ല. പകുതി ശമ്പളം ലഭിക്കുന്നതു വരെ ജിവനക്കാര്‍ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ വളരെയധികം ദുരിതമനുഭവിക്കേണ്ടിവരും. ഇതെല്ലാം മറച്ചുവച്ച് കെഎസ്ആര്‍ടിസി ജീവനക്കാരെ പൊതുസമൂഹത്തിന്റെ മുന്നില്‍ അപഹാസ്യരാക്കാനും അതുവഴി എല്ലാ മാസവും 50 കോടി രൂപ ജീവനക്കാരുടെ ശമ്പളത്തിന് നല്‍കുന്ന കേരളത്തിലെ ജനകീയ സര്‍ക്കാരിനെ കരിവാരി തേയ്ക്കാനുള്ള ഗൂഢാലോചനയാണ് മാതൃഭൂമി വാര്‍ത്തയെന്നും കെഎസ്ആര്‍ടിഇഎ ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ വാര്‍ത്തയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടന ഉയര്‍ത്തുമെന്നും കെഎസ്ആര്‍ടിഇഎ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News