ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സജ്ജമാക്കിയ ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകള്‍ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്സില്‍ ബുധനാഴ്ച രാവിലെ 11.30നാണ് ഇവയുടെ ഫ്ളാഗ് ഓഫ് ചടങ്ങ് മുഖ്യമന്ത്രി നിര്‍വ്വഹിക്കുക.

റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ കൃത്യമായ ഗുണമേന്മയോടെയാണോ ചെയ്യുന്നതെന്ന് ഇത് വഴി പരിശോധിക്കാനാവും. പ്രവൃത്തി സ്ഥലങ്ങളില്‍ നേരിട്ടെത്തി തത്സമയപരിശോധന നടത്തുന്നതിനാണ് മൂന്ന് ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ സജ്ജമാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

സിമന്റ്, മണല്‍, മെറ്റല്‍, ബിറ്റുമിന്‍ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളുടേയും കോണ്‍ക്രീറ്റ്, ടൈല്‍ മുതലായവയുടേയും ഗുണനിലവാരം ഇതുവഴി പരിശോധിക്കാനാകും. അത്യാധുനിക നോണ്‍ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് ഉപകരണങ്ങളാണ് മൂന്നുകോടിയോളം രൂപ ചെലവഴിച്ച് സജ്ജമാക്കിയ ഈ മൊബൈല്‍ ലാബുകളില്‍ ഉള്ളത്. മൂന്നു മേഖലകളിലായാണ് ഇവ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മഴയും ചൂടും റോഡുകളെ പ്രതികൂലമായി ബാധിക്കുന്നത് തടയുന്നതിനായി കൂടുതല്‍ ഈടുനില്‍ക്കുന്ന റോഡ് നിര്‍മ്മാണരീതികള്‍ കേരളത്തില്‍ അവലംബിച്ചുതുടങ്ങിയിട്ടുണ്ട്. ഫുള്‍ ഡെപ്ത്ത് റെക്ലമേഷന്‍, സോയില്‍ സെയിലിംഗ്, ജിയോ സെല്‍സ്, സിമന്റ് ട്രീറ്റഡ് സബ് ബെയിസ്, പേവ്മെന്റ് ക്വാളിറ്റി കോണ്‍ക്രീറ്റ് എന്നിവ അവയില്‍ ചിലതാണ്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രീതികള്‍ അവലംബിക്കുന്നതിനൊപ്പം നൂതന പരിശോധനാ സമ്പ്രദായങ്ങളും പൊതുമരാമത്ത് വകുപ്പില്‍ ഉറപ്പാക്കുകയാണ്. ലാബുകള്‍ സജ്ജമാകുന്നതോടെ ഈ ജോലികളുടെ ഗുണനിലവാരം നേരിട്ടെത്തി കൃത്യമായി പരിശോധിച്ച് ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News