വര്‍ഗീയത ഏതായാലും അത് മാനവികതയുടെ ശത്രു: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത ചുരുക്കം സംസ്ഥാനങ്ങളേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഗര്‍കോവിലില്‍ നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെക്കന്‍ തിരുവിതാംകൂറില്‍ ഉയര്‍ന്ന മേല്‍മുണ്ട് കലാപത്തിന്റെ 200ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു മഹാസമ്മേളനം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനായിരുന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. അടുത്ത വര്‍ഷം കേരളവും തമിഴ്‌നാടും ചേര്‍ന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് ഇപ്പോഴും മുഴങ്ങുന്ന സനാധന ഹിന്ദുത്വം എന്ന വാക്കിനെ പ്രത്യേകം സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യം അതിന്റെ വക്താക്കള്‍ക്ക് അലര്‍ജിയാണ്. പഴയ ജീര്‍ണകാലത്തേക്ക് രാജ്യത്തെ കൊണ്ടുപോകുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പഴയ കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ അനീതി ഇന്നും മാഞ്ഞു പോയിട്ടില്ല. അതുകൊണ്ടാണ് ഇന്നും ഉത്തരേന്ത്യയില്‍ ദളിതരും മുസ്ലീങ്ങളും പീഡിപ്പിക്കപ്പെടുന്നത്. വര്‍ഗീയത ഏതായാലും അത് മാനവികതയുടെ ശത്രുവാണ്. ഭൂരിപക്ഷ വര്‍ഗീയത രാജ്യത്തിന് വലിയ ഭീഷണിയാണ്. അത് മതന്യൂനപക്ഷങ്ങളെ ഭീതിയിലാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി മുന്നണിക്ക് ഇളക്കം തട്ടിത്തുടങ്ങി. ബിജെപി ഭരണത്തിന്റെ ദുരന്തങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു വരുന്നു. ത്രിപുരയില്‍ ബിജെപിക്ക് പത്ത് ശതമാനം വോട്ട് കുറഞ്ഞു. തിപ്രമോത വോട്ട് വിഭജിച്ചിരുന്നില്ലെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒന്നിച്ച് നില്‍ക്കാനാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യത്തിന് മുമ്പ് കേരളത്തില്‍ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നാണ് തെക്കന്‍ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട മേല്‍മുണ്ട് കലാപം. ‘ഊഴിയ വേല ചെയ്തില്ല, തോള്‍ശീല ഞങ്ങള്‍ക്ക് അവകാശം’ എന്ന മുദ്രാവാക്യമുയര്‍ത്തി കന്യാകുമാരിയിലെ കല്‍ക്കുളത്ത് 1822ല്‍ പൊട്ടിപ്പുറപ്പെട്ട കലാപം തിരുവനന്തപുരത്ത് ബാലരാമപുരം വരെ വ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News