ഏഷ്യാനെറ്റ് ന്യൂസ് വ്യാജ അഭിമുഖ ചിത്രീകരണം സംഭവിച്ചതെന്ത്

മാധ്യമ സ്വാതന്ത്ര്യത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസും ഇറങ്ങിപ്പോക്കും. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഒരു റിപ്പോര്‍ട്ടും അതേ ചൊല്ലിയുള്ള ചര്‍ച്ചകളും വിവാദങ്ങളുമൊക്കെയാണ് നിയമസഭ വരെ എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്റേത് മാധ്യമ ധര്‍മ്മമെന്നാണ് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയും അതിന് ശേഷം ഉണ്ടായ സംഭവങ്ങളുമൊക്കെ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ്, ബിബിസിക്ക് നേരിടേണ്ടിവന്നതും ഏഷ്യാനെറ്റ് ന്യൂസിന് നേരിടുന്നതും ഒരേ രീതിയിലുള്ള ആക്രമണമാണെന്നായിരുന്നു പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി പ്രതിപക്ഷം ഒറ്റക്കെട്ടായി സഭയില്‍ വാദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചെയ്തത് ക്രിമിനല്‍ ജേര്‍ണലിസമാണെന്ന് ഭരണപക്ഷവും തിരിച്ചടിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ വിവാദങ്ങളുടേയെല്ലാം അടിസ്ഥാനം.

2022 ഓഗസ്റ്റ് മാസത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് മയക്കുമരുന്ന് അടിമപ്പെട്ട ഒരു കുട്ടിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ ആറുമാസം മുമ്പ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു വനിത റിപ്പോര്‍ട്ടര്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് സംസാരിക്കുകയാണ്. ആ സംസാരത്തില്‍ സഹപാഠി മയക്കുമരുന്ന് നല്‍കിയെന്നും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും കുട്ടി വിശദീകരിക്കുന്നു. ഓഗസ്റ്റ്മാസത്തിലെ റിപ്പോര്‍ട്ടും നവംബര്‍ മാസത്തില്‍ നല്‍കിയ പുതിയ റിപ്പോര്‍ട്ടും തമ്മിലുണ്ടായ സാമ്യമാണ് ചാനല്‍ കാട്ടിയ ഞെട്ടിക്കുന്ന ക്രിമിനല്‍ നടപടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമായത്. ഓഗസ്റ്റ് മാസത്തിലെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തല്‍ നടത്തുന്ന പെണ്‍കുട്ടിയുടെ ശബ്ദം മാത്രം കട്ട് ചെയ്തെടുത്ത്, പുതിയ റിപ്പോര്‍ട്ടില്‍ മറ്റൊരു പെണ്‍കുട്ടി പറയുന്നത് പോലെ ചിത്രീകരിച്ചിരിക്കുകയാണ്. എന്നുവെച്ചാല്‍ ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത, ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഒരു കസേരയില്‍ ഇരുത്തി താന്‍ മയമക്കുമരുന്ന് അടിമപ്പെട്ടുവെന്നും ലൈംഗിക ചൂഷണത്തിന് വിധേയയായി എന്നും പറയുന്നു എന്ന തോന്നല്‍ കാഴ്ചക്കാര്‍ക്ക് ഉണ്ടാകുന്ന വിധം അഭിമുഖം ചിത്രീകരിച്ചുവെന്ന് ചുരുക്കം. അറിവുവെച്ച് 14 വയസ്സുപോലും പ്രായമില്ലാത്ത കുട്ടിയെ കൊണ്ടാണ് ലേഖകന്‍ ഇത് പറയിപ്പിച്ചത്.

യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചത് മയമരുന്ന് കാമ്പയിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് ഒരു വാര്‍ത്ത ഉണ്ടാക്കി എന്നതാണ്. വാര്‍ത്തകള്‍ ഉണ്ടാക്കുകയല്ല, ഉള്ള വാര്‍ത്ത സത്യസന്ധമായി ജനങ്ങളെ അറിയിക്കുക എന്നതാണ് യഥാര്‍ത്ഥ മാധ്യമ ധര്‍മ്മം എന്നത് ഏഷ്യാനെറ്റ് ന്യൂസ് മറന്നുപോയതി എന്നതാണ് ഇവിടുത്തെ പ്രശ്നം.

6 മാസം മുമ്പ് ചാനല്‍ വെളിപ്പെടുത്തില്‍ നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നിരുന്നു. ആ കേസിലെ കുറ്റപത്രം കോടതിയില്‍ നല്‍കിയതുമാണ്. ആ സംഭവത്തിന് ശേഷം ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുമ്പോഴാണ്, അതേ വിഷയം ഏഷ്യാനെറ്റ് മറ്റൊരു പെണ്‍കുട്ടിയെ കൊണ്ട് റിക്രിയേറ്റ് ചെയ്ത് പുതിയ സംഭവമായി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ സാങ്കേതിക പിഴവെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നുണ്ടെങ്കിലും ഇത് സാങ്കേതിക പിഴവ് മാത്രമാണോ? ബോധപൂര്‍വ്വം ഒരു സംഭവം സൃഷ്ടിച്ചെടുക്കുകയായിരുന്നില്ലേ?

ഇതേ കുറിച്ചുള്ള പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മാധ്യമ സ്വാതന്ത്ര്യം എന്ന കവചം ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും ശ്രമിക്കുന്നു. ഇവിടെ ആര് വിജയിക്കുന്നു എന്നതിനപ്പുറം, ഒരു മാധ്യമ പ്രവര്‍ത്തനകനും മാധ്യമ സ്ഥാനപനവും ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു എന്നത് ഏഷ്യാനെറ്റ് ന്യൂസിനെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറകൊണ്ടൊന്നും അത് മറച്ചുവെക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിന് സാധിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News