അടുത്ത വര്‍ഷം കേരളവും തമിഴ്‌നാടും ചേര്‍ന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മേല്‍മുണ്ട് കലാപത്തിന്റെ ഇരുനൂറാം വാര്‍ഷിക മഹാസമ്മേളന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
ഒന്നിച്ച് നില്‍ക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഒപ്പം നില്‍ക്കാന്‍ തയ്യാറുള്ള പാര്‍ട്ടികള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളിലുണ്ടാവുന്ന ജനപക്ഷ ഒരുമ പുതിയ ഇന്ത്യയെ നിര്‍മ്മിക്കും. ബിജെപിയുമായി പലരും നിലവില്‍ സഖ്യം ഉപേക്ഷിക്കുന്നു. 2024ഓടെ ബിജെപിയുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കാന്‍ പാര്‍ട്ടികളും ഒന്നിച്ച് ആഹ്വാനം ചെയ്യുന്നു. ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി നല്ല സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നടന്ന സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത ചുരുക്കം സംസ്ഥാനങ്ങളേയുള്ളൂവെന്ന് മുഖ്യമന്ത്രി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അതില്‍ രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോഴും മുഴങ്ങുന്ന സനാധന ഹിന്ദുത്വം എന്ന വാക്കിനെ പ്രത്യേകം സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യം അതിന്റെ വക്താക്കള്‍ക്ക് അലര്‍ജിയാണ്. പഴയ ജീര്‍ണകാലത്തേക്ക് രാജ്യത്തെ കൊണ്ടു പോകുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here