അടച്ചുതീർക്കേണ്ട മറ്റ് കടങ്ങളെല്ലാം അടച്ചുതീർക്കണം: പാക്കിസ്ഥാന് നിർദ്ദേശവുമായി ഐഎംഎഫ്

പാക്കിസ്ഥാന് പറഞ്ഞുറപ്പിച്ച കടം നൽകണമെങ്കിൽ ഈ സാമ്പത്തിക വർഷം അടച്ചുതീർക്കേണ്ട മറ്റ് കടങ്ങളെല്ലാം അടച്ചുതീർക്കണമെന്ന് ഐഎംഎഫ്. അനുവദിച്ച 650 കോടി ഡോളറിൽ 110 കോടി ഡോളർ ലഭിക്കണമെങ്കിൽ ഐഎംഎഫ് നിർദ്ദേശം അംഗീകരിക്കേണ്ട ഗതികേടിലാണ് പാക്കിസ്ഥാൻ. കരവും നികുതിയുമെല്ലാം വർദ്ധിപ്പിക്കാനുള്ള ഐഎംഎഫ് നിർദ്ദേശം നേരത്തെ തന്നെ ജനതയുടെ നടുവൊടിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്കയത്തിൽപ്പെട്ട പാക്കിസ്ഥാന് താൽക്കാലികമായെങ്കിലും കരകയറാൻ ഐഎംഎഫ് നീട്ടുന്ന പിടിവള്ളി മാത്രമാണ് രക്ഷ. എന്നാൽ ഒന്നിനു പിന്നാലെ ഒന്നെന്ന രൂപത്തിൽ നിർദ്ദേശങ്ങളും നിബന്ധനകളും വച്ചുകൊണ്ടേയിരിക്കുകയാണ് ഇൻറർനാഷണൽ മോണിറ്ററി ഫണ്ട്. നൽകാമെന്നേറ്റ 650 കോടി ഡോളർ കടത്തിൽ 110 കോടി ഡോളർ ഉടൻ ലഭിക്കുമെന്നായിരുന്നു പാക്കിസ്ഥാൻ കരുതിയിരുന്നത്. എന്നാൽ ഈ സാമ്പത്തിക വർഷം തീർക്കേണ്ട കടങ്ങളെല്ലാം ഉടൻ തീർക്കുമെന്ന ഉറപ്പു കിട്ടിയാൽ മാത്രമേ പണം സെൻട്രൽ ബാങ്കിന്റെ അക്കൗണ്ടിൽ വരൂ എന്നാണ് ഐഎംഎഫ് പറയുന്നത്. നേരത്തെ ഇത്തരമൊരു നിർദ്ദേശം കരാറിൽ വെച്ചിരുന്നില്ലെന്നാണ് ധനകാര്യ മന്ത്രി ഇഷക് ദറിൻ്റെ വാദം. എന്നാൽ കടം വാങ്ങുന്ന എല്ലാവർക്കും നൽകുന്ന നിർദ്ദേശത്തിൽ നിന്ന് പാക്കിസ്ഥാനെ മാത്രം ഒഴിവാക്കാൻ കഴിയില്ലെന്ന പിടിവാശിയിലാണ് ഐഎംഎഫ്.

ജൂൺ 30ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിന് മുമ്പേ 500 കോടി ഡോളർ അന്താരാഷ്ട്ര സാമ്പത്തിക സഹായം വേണ്ടിവരും എന്നാണ് പാക്കിസ്ഥാൻ കരുതുന്നത്. ഐഎംഎഫ് പറയുന്നത് കേട്ട് സ്വന്തം രൂപയുടെ നിയന്ത്രണാവകാശം പോലും മാർക്കറ്റിൽ വിറ്റുതുലച്ച പാക്കിസ്ഥാൻ ഉയർന്ന നികുതിയിലും വൈദ്യുതി,വെള്ളക്കരത്തിലും നട്ടംതിരിയുകയാണ്. വിശപ്പ് കടുക്കുന്നതോടെ പാക് ജനത ശ്രീലങ്കൻ മോഡൽ സ്വീകരിക്കുമോ എന്നും ഭരണകൂടത്തിന് ഭയമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News