റെയിൽവേ ഭൂമി അഴിമതി കേസിൽ ലാലു പ്രസാദ് യാദവിനെ ഇന്ന് സിബിഐ ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ലാലു പ്രസാദ് യാദവിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി മകൾ മിസ ഭാരതി എന്നിവർ ഉൾപ്പടെ 16 പേരാണ് കഴിഞ്ഞ ഒക്ടോബറിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിപട്ടികയിൽ ഉള്ളത്. ഇന്നലെ ലാലു പ്രസാദിൻ്റെ ഭാര്യയും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെ സിബിഐ ചോദ്യം ചെയ്തിരുന്നു.റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് നിയമനങ്ങൾക്ക് കൈക്കൂലിയായി ഭൂമി എഴുതി വാങ്ങി എന്നാണ് സിബിഐ ആരോപണം.
യുപിഎ 1-ാം സർക്കാരിന്റെ കാലത്ത് റെയിൽവേ മന്ത്രിയായിരുന്ന ലാലുപ്രസാദ് വൻ അഴിമതി നടത്തി എന്നാണ് സിബിഐയുടെ ആരോപണം. 2018 ൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും മതിയായ തെളിവ് ലഭിക്കാതത്തിന്റെ അടിസ്ഥാനത്തിൽ 2021 അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഈ കേസാണ് സി ബി ഐ വീണ്ടും പുനരാരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനും, റാബ്രി ദേവിക്കും എതിരെ ദില്ലി സിബിഐ കോടതി സമൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച് 15ന് ഇരുവരും നേരിട്ട് കോടതിയിൽ ഹാജരാകാൻ ആണ് നിർദ്ദേശം.അതേസമയം, ഈ വിഷയത്തിൽ ബി ജെ പി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന രൂക്ഷ വിമർശനം ഉയർന്നു കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here