പുക മൂടി കൊച്ചി: ഹെലികോപ്റ്ററുകളില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്യും

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന്  ആരംഭിക്കും.പുക രൂക്ഷമായി ബാധിക്കുന്ന മേഖലകളിലെ സ്കൂളുകള്‍ക്ക് എറണാകുളം ജില്ലാ കളക്ടർ ഡോ.രേണുരാജ്   ഇന്നും  ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

വ്യോമസേനയുടെ സൊലൂര്‍ സ്‌റ്റേഷനില്‍ നിന്നുളള ഹെലികോപ്ടറുകളാണ് മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക. നിലവില്‍ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്ററുകൾ എയര്‍ ഡ്രോപ്പിംഗ് നടത്തുന്നുണ്ട്. വ്യോമസേന ഹെലികോപ്റ്ററുകൾക്കൊപ്പം ഇവയും തുടരും. എന്നാൽ മാലിന്യക്കൂമ്പാരത്തിലെ തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാലിന്യത്തിന്‍റെ അടിയില്‍ പുക ഉയരുന്ന സാഹചര്യമാണ് വെല്ലുവിളിയായി നിൽക്കുന്നത്. ഇത് ശമിപ്പിക്കുന്നതിന് നാലു മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

നിലവില്‍ 30 ഫയര്‍ ടെന്‍ഡറുകളും 125 അഗ്നിരക്ഷാ സേനാംഗങ്ങളും ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്ററുകളുമാണ് സേവനരംഗത്തുള്ളത്. ഒരു മിനിറ്റില്‍ 60000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. വായുവിന്റെ ഗുണനിലവാരവുമായി ബന്ധപ്പട്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ തീപിടിത്തം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News