പാക്കിസ്ഥാനിലെ ബോലാനിൽ ചാവേർ ബോംബ് ആക്രമണത്തിൽ ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു. 11 പേർക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിലെ ബോലാനിലാണ് ആക്രമണമുണ്ടായത്. സിബി, കാച്ചി അതിർത്തിയോട് ചേർന്നുള്ള പ്രദേശമായ കാംബ്രി പാലത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് കാച്ചി സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) മഹമൂദ് നോട്സായി പാക്കിസ്ഥാൻ മാധ്യമമായ ഡോണിനോട് പറഞ്ഞു.
ചാവേർ ബോംബ് ആക്രമണമാണെന്ന് സംശയിക്കുന്നതായും ആക്രമണത്തിന്റെ നിജസ്ഥിതി പൊലീസ് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ബോംബ് സ്ക്വാഡുകളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണെന്നും നോട്സായി പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാവേർ ബോംബ് സ്‌ഫോടനത്തിൽ മരിച്ച പൊലീസുകാർ ബലൂചിസ്ഥാൻ കോൺസ്റ്റാബുലറി (ബിസി) അംഗങ്ങളാണ്. സുപ്രധാന സംഭവങ്ങളിലും ജയിലുകൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് മേഖലകളിലും സുരക്ഷ ഒരുക്കുന്നതിനുള്ള പ്രവിശ്യാ പൊലീസ് സേനയുടെ ഒരു വകുപ്പാണ് ബലൂചിസ്ഥാൻ കോൺസ്റ്റാബുലറി.
ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ അബ്ദുൾ ഖുദൂസ് ബിസെഞ്ചോ ആക്രമണത്തെ അപലപിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ (100 മൈൽ) കിഴക്കുള്ള സിബ്ബി നഗരത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ചാവേർ മോട്ടോർ ബൈക്ക് ഓടിച്ച് ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൾ ഹായ് ആമിർ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here