ദില്ലി മദ്യനയ അഴിമതി കേസില്‍ ഹൈദരാബാദ് വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ ഇ ഡി അറസ്റ്റ് ചെയ്തു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയുമായി അടുപ്പമുള്ള വ്യവസായിയാണ് അരുണ്‍ രാമചന്ദ്രപിള്ള. മദ്യ ലോബികള്‍ക്കും സര്‍ക്കാരിനുമിടയില്‍ ഇയാള്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. അഴിമതിയുടെ ഭാഗമായ ഇന്‍ഡോ സ്പിരിറ്റ് കമ്പനിയില്‍ അരുണ്‍ രാമചന്ദ്ര പിള്ളയുടെ പേരിലുള്ള ഓഹരികളുടെ യഥാര്‍ത്ഥ ഉടമസ്ഥ കവിതയാണെന്നും ഇ ഡി ആരോപിച്ചിട്ടുണ്ട്. സിബിഐ എടുത്ത കേസിലെ പതിനാലാം പ്രതിയാണ് അരുണ്‍. കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന പതിനൊന്നാമത്തെ അറസ്റ്റാണിത്. നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മുംബൈ മലയാളി വ്യവസായി വിജയ് നായരും അറസ്റ്റിലായിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മനീഷ് സിസോദിയയെ ഇഡിയും ചോദ്യം ചെയ്യുകയാണ്. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള സിസോദിയയെ തിഹാര്‍ ജയിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. സിബിഐ യുടെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്നലെയായിരുന്നു മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളാണ് ഇ ഡി പരിശോധിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച 100 കോടി രൂപ ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണമാണ് ഇ ഡി കോടതിയില്‍ നല്‍കിയ അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here