തീ തനിയെ പൊട്ടിപ്പുറപ്പെട്ടതോ? ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ഹൈക്കോടതി

കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി.
സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ഹൈക്കോടതി തീരുമാനിച്ചു. തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്നും കോടതി ആരാഞ്ഞു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ആണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കൊച്ചി ഗ്യാസ് ചേമ്പറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് രാവിലെ കേസ് പരിഗണിക്കവെ കോടതി വിമര്‍ശിച്ചു. ഉച്ചക്കുശേഷം ഒന്നേമുക്കാലിന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശപ്രകാരം നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും ഹാജരായി.

കൊച്ചി നഗരസഭയെ കുറ്റപ്പെടുത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനെ കോടതി വിമര്‍ശിച്ചു. പരസ്പരം പഴിചാരിയിട്ട് കാര്യമില്ലെന്നും പരിഹാരമാണ് വേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. സംഭവം ഉണ്ടായത് മുതല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി ചോദിച്ചു. ബോര്‍ഡ് അവസരത്തിന് ഉയര്‍ന്നില്ല.

നഗരസഭയ്ക്കും ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്ന് കോടതി പറഞ്ഞു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്യുന്നുവെന്നും 300 ഉദ്യോഗസ്ഥര്‍ അവിടെയുണ്ടെന്നും നഗരസഭ കോടതിയെ അറിയിച്ചു. സംഭവത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോ എന്ന് കോടതി ആരാഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടതായും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസമിതിയെ നിയോഗിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് മാലിന്യ സംസ്‌കരണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ നേരിട്ടു പരിശോധിക്കാന്‍ തീരുമാനിച്ചതായി കോടതി വ്യക്തമാക്കി. ജൂണ്‍ ആറിനു മുന്‍പ് മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുമെന്ന് കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News