കാസര്‍ക്കോട് നീലേശ്വരം കോട്ടപ്പുറത്ത് തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. വേതനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുറിയില്‍ ഒരുമിച്ച് താമസിച്ചിരുന്നവരാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് കോട്ടപ്പുറം ഗ്രീന്‍സ്റ്റാര്‍ ക്ലബിന് സമീപമുള്ള വാടകവീട്ടില്‍ തമിഴ്‌നാട് മധുര സ്വദേശി രമേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടപ്പുറം -കടിഞ്ഞിമൂല പാലത്തിന്റെ ജോലിക്കെത്തിയ തൊഴിലാളികളാണ് വാടക കെട്ടിത്തില്‍ താമസിച്ചിരുന്നത്. രാത്രി 10 മണിയോടെ ഒരുമിച്ച് താമസിച്ചിരുന്നവര്‍ രമേശന്‍ ഹൃദയ സ്തംഭനം മൂലം മരിച്ചു കിടക്കുന്നതായി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമുള്‍പ്പെടെ 11പേരാണ് വാടക കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കൂടെ താമസിച്ചിരുന്നവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുള്‍ അഴിഞ്ഞത്. ഒന്നാം പ്രതി എറണാകുളം വാത്തുരുത്തി സ്വദേശി ബൈജു, കളമശ്ശേരി സ്വദേശി മുഹമ്മദ് ഫൈസല്‍, പറവൂര്‍ സ്വദേശി ഡാനിയല്‍ ബെന്നി എന്നിവരെ അറസ്റ്റ് ചെയ്തു.
വേതനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ രമേശനെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ തന്നെയാണ് രമേശന്‍ മരിച്ചു കിടക്കുന്നതായി നാട്ടുകാരെ വിവരമറിയിച്ചത്. ഒന്നാം പ്രതി ബൈജുവിനെതിരെ എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലായി 14 കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here