ഉയരേ.. ഉയരേ…  ഇന്ന് വനിതാദിനം

സ്വതന്ത്രമായ ഇച്ഛാശക്തിയുള്ള, നിർഭയരും ശക്തരുമായ മനുഷ്യരാണ് സ്ത്രീകൾ എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ വനിതാ ദിനവും. ഓരോ വർഷത്തെയും വനിതാ ദിനം ആഘോഷിക്കപ്പെടുമ്പോൾ സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി നടത്തിയ നിരവധി പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ് ഓർമ്മിക്കപ്പെടുന്നത്. എന്താണ് വനിതാ ദിനം? എന്തിനാണ് ഇങ്ങനെ ഒരു ദിനം? നമുക്ക് നോക്കാം…

ലോകമെങ്ങും ഉരുത്തിരിഞ്ഞ സമരസപ്പെടാത്ത സ്ത്രീ വിമോചന പോരാട്ടങ്ങളിലൂടെയാണ് വനിതാ ദിനത്തിന്റെ പിറവി. 1857 മാര്‍ച്ച് 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ സംഘടിച്ച് നടത്തിയ സമരത്തിലൂടെയാണ് വനിതാ ദിനത്തിന്‍റെ തുടക്കം. തുണി മില്ലുകളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ അവരുടെ അവകാശ പോരാട്ടങ്ങൾക്കായി ഒത്തുകൂടി. കുറഞ്ഞ വേതനത്തിനെതിരേയും ദീര്‍ഘ സമയത്തെ ജോലി ഒഴിവാക്കുന്നതിനായും അധികാരവർഗത്തോട് ആവശ്യപ്പെട്ടു, പതറാതെ ചെറുത്തുനിന്നു.

ആ ചെറുത്തുനിൽപ്പ് ലോകമെമ്പാടും പടർന്ന് പിടിക്കാൻ അധിക സമയമെടുത്തില്ല. പിന്നീട് 1908-ൽ 12,000 മുതൽ 15,000 വരെ സ്ത്രീകൾ  തങ്ങളുടെ ജോലി സമയം കുറയ്ക്കണം, ജോലിക്കനുസരിച്ചുള്ള ശമ്പളം നൽകണം, സ്ത്രീകൾക്ക് അക്കലാത്ത് നിഷിദ്ധമായിരുന്ന വോട്ടവകാശം ലഭിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ന്യൂയോർക്കിൽ ഒരു റാലി സംഘടിപ്പിച്ചു.

ഈ റാലി നടന്ന് ഒരു വർഷത്തിന് ശേഷം, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചു. എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുകയെന്ന ആശയം മുന്നോട്ട് വെക്കുന്നത് ക്ലാര സെറ്റ്കിന്‍ എന്ന ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് തത്വ ചിന്തകയാണ്. 1910-ല്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസ്സിലാണ് സെറ്റ്കിന്‍ ഈ ആശയം മുന്നോട്ട് വെച്ചത്.

പിന്നീട് 1917 മാര്‍ച്ച് എട്ടിന് സ്ത്രീകൾ റഷ്യയില്‍ നടത്തിയ വനിതാദിനപ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കുന്നത്. പിന്നീട് 1975 മാർച്ച് 8 ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി വനിതാ ദിനമായി പ്രഖ്യാപിച്ചു. പോരാടുന്ന സ്ത്രീകൾക്ക് കരുത്തേകാൻ അവകാശ പോരാട്ടങ്ങളുടെ ഓർമപുതുക്കുകയാണ് ഓരോ വനിതാ ദിനവും. ”ലിംഗസമത്വത്തിനായുള്ള സാങ്കേതികവിദ്യയും നവീകരണവും” എന്നതാണ് ഈ വർഷത്തെ വനിതാ ദിന പ്രമേയം.
പൊരുതുന്ന സ്ത്രീകൾക്ക് മുന്നോട്ട് കുതിക്കാനുള്ള പ്രചോദനം കൂടിയാകട്ടെ ഈ ദിനം… പെൺകരുത്തിന് ആശംസകൾ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News