കൈക്കൂലി കേസില്‍ മുങ്ങിയ എംഎല്‍എ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ബിജെപി അനുഭാവികള്‍ ചെയ്തത്

കൈക്കൂലി കേസില്‍ മുങ്ങിയ കര്‍ണാടക ബിജെപി എംഎല്‍എ ഇടക്കാലജാമ്യം കിട്ടിയതോടെ സ്വന്തം നാട്ടില്‍ പൊങ്ങി. കര്‍ണാടക ബിജെപി എം എല്‍ എ മാദല്‍ വിരുപാക്ഷപ്പയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കൈക്കൂലി കേസില്‍ എംഎല്‍എയുടെ വീട്ടില്‍ നിന്നും കോടിക്കണത്തിന് രൂപയാണ് പിടികൂടിയത്. പക്ഷെ ജാമ്യം ലഭിച്ച് നാട്ടില്‍ തിരിച്ചെത്തിയ എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത് വീരനായകനെപ്പോലെ. ആഹ്ലാദപ്രകടനത്തോടെയായിരുന്നു അനുയായികള്‍ നേതാവിനെ ആനയിച്ചത്.

പൂമാലയിട്ടും മധുരപലഹാരം വിതരണംചെയ്തുമാണ് ബിജെപി പതാകയേന്തിയ പ്രവര്‍ത്തകര്‍ നേതാവിനെ സ്വീകരിച്ചത്. മകന്റെ പക്കല്‍ നിന്ന് കൈക്കൂലി പണം പിടികൂടിയതിനെ തുടര്‍ന്ന് മുങ്ങിയതായിരുന്നു വിരുപാക്ഷപ്പ. കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി ഉപാധികളോടെയാണ് എംഎല്‍എക്ക് ഇടക്കാലജാമ്യം അനുവദിച്ചത്. ഇതേതുടര്‍ന്നാണ് ഒളിവിലായിരുന്ന മാദല്‍ വിരുപാക്ഷപ്പ സ്വന്തംനാടായ ദാവണഗെരെ ചന്നാഗിരിയിലെ ത്തിയത്.

48 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നും അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് വിരുപാക്ഷപ്പയ്ക്ക് ജസ്റ്റിസ് കെ. നടരാജന്‍ അധ്യക്ഷനായ ബെഞ്ച് ഇടക്കാലജാമ്യം അനുവദിച്ചത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നതുവരെ ജാമ്യ ഉത്തരവ് നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 17-ലേക്ക് മാറ്റി. കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് (കെ.എസ്.ഡി.എല്‍.) അധ്യക്ഷനായിരുന്ന വിരുപാക്ഷപ്പയ്ക്കെതിരായ പരാതിയില്‍ വ്യക്തമായ തെളിവില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. പ്രത്യേക കോടതിയിലെ അന്വേഷണനടപടികള്‍ സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് വിരുപാക്ഷപ്പ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News