ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ കേസില്‍, പരാതിക്കാരന്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്തു. കോഴിക്കോട് വെച്ചാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ഏഷ്യാനെറ്റ് തെളിവുകള്‍ ഒളിപ്പിച്ച് വെച്ചതായും സത്യം തെളിയുമെന്നും അന്‍വര്‍ പ്രതികരിച്ചു. കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് പോക്‌സോ കോടതി മാര്‍ച്ച് 10ലേക്ക് മാറ്റി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിര്‍മ്മിച്ച് സംപ്രേഷണം ചെയ്ത കേസിലാണ് പരാതിക്കാരന്‍ പി വി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്തത്. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന മൊഴിയെടുക്കല്‍ മുന്നര മണിക്കൂര്‍ നീണ്ടു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വി സുരേഷിന്റെ നേതൃത്വത്തിലാണ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയത്. കൈയിലുള്ള തെളിവുകള്‍ നല്‍കിയതായി പി.വി അന്‍വര്‍ പറഞ്ഞു. തെറ്റ് ഏറ്റു പറയാന്‍ ഏഷ്യാനെറ്റ് തയ്യാറാകുന്നില്ല. ഹൈക്കോടതിയുടെ പരാമര്‍ശം ഗൗരവത്തോടെ കാണണമെന്നും അന്‍വര്‍ പ്രതികരിച്ചു.
അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാര്‍ച്ച് 10ലേക്ക് മാറ്റി. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പട്ടതിനെ തുടര്‍ന്നാണ് തീരുമാനം. കോഴിക്കോട് പോക്‌സോ കോടതിയാണ് 4 ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുക. പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here