നിരവധി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളാണ് ദിവസവും വിവിധ ഓഫറുകളുമായി എത്താറുള്ളത്. എന്നാല്‍ ഇതിനോടൊപ്പം തന്നെ സൈബര്‍ മോഷ്ടാക്കളും വ്യാജ ലിങ്കുകളും സജീവമാകുന്നുണ്ട്. ഇന്ന് വനിതാദിനത്തില്‍, വനിതാദിന ക്വിസ് എന്ന പേരില്‍ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും മറ്റുമായി നിരവധി ലിങ്കുകളാണ് പ്രചരിച്ചത്. ഇവയില്‍ പലതിലും ക്ലിക്ക് ചെയ്താല്‍ പണി കിട്ടുമെന്നതാണ് യാഥാര്‍ത്ഥ്യം.
ഗുജറാത്ത് പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പറായ 1930ല്‍ നിരവധി പേരാണ് ഇത്തരം തട്ടിപ്പുകള്‍ക്കിരയായി പരാതി നല്‍കിയത്. ഷോപ്പിംഗ് പോര്‍ട്ടലുകളുടേതിന് സമാനമായി വ്യാജ വെബ്‌സൈറ്റുണ്ടാക്കി, ആദ്യം ലിങ്ക് സന്ദര്‍ശിക്കുന്ന 5000 സ്ത്രീകള്‍ക്ക് സര്‍പ്രൈസ് സമ്മാനം എന്ന ടൈറ്റിലോടെയാണ് തട്ടിപ്പ് നടക്കുന്നത്. ലിങ്ക് അഞ്ച് വാട്ട്‌സ്ആപ്പ് കോണ്ടാക്ടുകള്‍ക്ക് അയക്കാനും പറയുന്നുണ്ട്. മൊബൈല്‍ ഫോണടക്കമുള്ള സമ്മാനങ്ങള്‍ ലഭിക്കുമെന്നുമൊക്കെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം വലവിരിക്കുന്നത്. വ്യാജ പ്രൊഫൈലുകളില്‍ നിന്ന് സമ്മാനം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഡാറ്റയും മറ്റ് സ്വകാര്യ വിവരങ്ങളും തട്ടിപ്പ് സംഘം കൈക്കലാക്കുകയാണ്. ഇതുവഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാല്‍, തട്ടിപ്പുകള്‍ക്കിരയാകുന്നവര്‍ ഉടന്‍ സൈബര്‍ പൊലീസുമായി ബന്ധപ്പെടേണ്ടതാണ്. ഇത്തരം വ്യാജ ഓഫറുകളില്‍ അകപ്പെടാതെ ഓരോരുത്തരും സൂക്ഷിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here