ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം അഹമ്മദാബാദില്‍ നാളെ തുടങ്ങാനിരിക്കെ ആകാംക്ഷയുടെ മുള്‍മുനയിലാണ് ക്രിക്കറ്റ് ലോകം. മത്സരത്തിന്റെ ടോസിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ ആരംഭിക്കുന്ന മത്സരം കാണാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
മത്സരത്തില്‍ പങ്കെടുക്കുന്ന ടീമിന്റെ ക്യാപ്റ്റന്‍മാരാണ് സാധാരണ ടോസിംഗ് നിര്‍വ്വഹിക്കാറുള്ളത്. എന്നാല്‍ മോദി ഈ ചടങ്ങ് നിര്‍വഹിക്കുമെന്ന ഊഹാപോഹമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ശക്തമാകുന്നത്. ഒപ്പം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമുണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ക്രിക്കറ്റിലെ നിലവിലെ ചട്ടങ്ങളനുസരിച്ച് മൈതാന മധ്യത്തില്‍ ടോസ് ഇടുമ്പോള്‍ വിശിഷ്ടാതിഥികളെ പ്രവേശിപ്പിക്കാറില്ല. എന്നാല്‍ അഹമ്മദാബാദില്‍ ഈ പതിവ് മാറാന്‍ സാധ്യതയുണ്ട് എന്നാണ് സൂചനകള്‍.
മോദി നാണയം ടോസ് ചെയ്താല്‍ അതിഥി ടീമിന്റെ നായകനായ സ്റ്റീവ് സ്മിത്ത് ആയിരിക്കും ‘ടോസ് വിളിക്കുക’ എന്നാണ് ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമാണ് ടോസിങ് നിര്‍വ്വഹിക്കുക എന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിലവില്‍ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. പരമ്പര വിജയം ഉറപ്പിക്കാനിറങ്ങുന്ന ഇന്ത്യക്കും മത്സരം വിജയിച്ച് സമനില പിടിക്കാനൊരുങ്ങുന്ന ഓസിസിനും ടോസ് നിര്‍ണ്ണായകമാണ്. നാല് മത്സരങ്ങളില്‍ രണ്ടെണ്ണം വിജയിച്ച് പരമ്പര നഷ്ടമാകില്ലെന്ന് നേരത്തെ ഇന്ത്യ ഉറപ്പിച്ചിരുന്നു. പരമ്പര സമനിലയിലായാലും ഇന്ത്യയ്ക്ക് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താം. വിരാട് കോഹ്ലിയുടെ ഇന്ത്യയിലെ അന്‍പതാം ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും നാളത്തെ മത്സരത്തിനുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here