പ്രതിസന്ധികളില്‍ തളരാതെ താങ്ങായി അവള്‍; വൈറലായി വനിതാ ദിനത്തില്‍ ഫോട്ടോഷൂട്ട്

ലോക വനിതാ ദിനത്തില്‍ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുമായി അരുണ്‍ രാജ് ആര്‍ നായര്‍. സ്ത്രീകളെ ലൈംഗിക വസ്തുവായി കാണുന്ന ചില പുരുഷന്മാരെ ഫോട്ടോകളിലൂടെ തുറന്നുകാണിക്കുകയാണ് അരുണ്‍. മുന്‍പും നിരവധി ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഫോട്ടോഗ്രാഫര്‍ ആണ് അരുണ്‍.

മദ്യപാനിയായ ഭര്‍ത്താവില്‍ നിന്നും യാതൊരു സംരക്ഷണവുമില്ലാതെ മോശം അനുഭവങ്ങള്‍ നേരിടുന്ന യുവതി അതെല്ലാം തരണം ചെയ്യുകയും ഒടുവില്‍ അഭിഭാഷകയായി എത്തുകയാണ്. തുടര്‍ന്ന് അഭിഭാഷകയായ യുവതി പീഡിപ്പിക്കപ്പെട്ട യുവതിക്കു നീതി വാങ്ങി നല്‍കുന്ന കഥയാണ് അരുണ്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. രേവതി, രമേഷ്, അഭി, കിരണ്‍, പൂജ, ജിത്തു എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

അരുണ്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

അവള്‍… അവളെ ജ്വലിപ്പിച്ചതും നീ ആയിരുന്നു. എന്നിട്ടും സ്നേഹത്തിന്റെ, സഹനത്തിന്റെ, ആത്മനിയന്ത്രണങ്ങളുടെ കെട്ടുപാടുകള്‍ കഴുത്തിലേറി അവള്‍ നിന്നെ നോക്കി ചിരിച്ചിരുന്നു. ഒരായിരം കൈകള്‍ കാമദാഹവുമായി അവള്‍ക്കു നേരെ നീണ്ടപ്പോളും ഉള്ളില്‍ എരിയുന്ന കോപാഗ്നിയെ അവള്‍ നിയന്ത്രിച്ചതും, നീ എന്നോ പൊന്നില്‍ കുടുക്കിയ നൂല്‍ അതില്‍ ഉരുകിപ്പോകാതിരിക്കാനായിരുന്നു. എന്നിട്ടും നീ അവളെ ജ്വലിപ്പിച്ചു. ഉള്ളിലെരിയുന്ന അഗ്നിക്കു മുകളില്‍ മറ്റൊരു അഗ്നിപരീക്ഷയേകി എരിയുന്ന ഹോമകുണ്ഡങ്ങള്‍ക്കു മുകളില്‍ അവളെയെത്തിച്ചു. പുറത്തെ അഗ്‌നിതാപത്തെക്കാള്‍ അവളുടെ കണ്ണുകളെ ഉരുകിയൊലിപ്പിച്ചതും ത്രേതായുഗം മുതല്‍ ഉത്തമപുരുഷനായ നിന്റെ മുഖത്തെ നിസ്സംഗതയായിരുന്നു. ഒരുപക്ഷെ നിനക്ക് തെറ്റിയതും അവിടം മുതലായിരിന്നു. ഭൂമിപിളര്‍ന്നു സ്വയം മറയാന്‍ ഇവള്‍ ജനകപുത്രിയല്ലന്നറിയുക. ആയിരം സമുദ്രങ്ങളാലും തണുക്കാത്ത സൂര്യാഗ്നിയെന്നറിയുക. നിന്റെ തലമുറകളെ കാക്കും ജീവാഗ്നിയെന്നറിയുക. എന്നിട്ടും നിന്റെ ചെയ്തിയുടെ കൈപ്പത്തികള്‍ അവളുടെ വര്‍ഗ്ഗത്തിനു നേരെയും നീണ്ടു. കൊലച്ചിരികളായും അട്ടഹാസങ്ങളായും സ്ത്രീത്വത്തിന്റെ വില പറഞ്ഞു. അതുകൊണ്ടു തന്നെയാണ് അവള്‍ നീതി നിഷേധിക്കപ്പെട്ട മറ്റൊരുവള്‍ക്കു നേരെ കൈകള്‍ നീട്ടിയതും, നിയമം കൈവെള്ളയിലിട്ടു അമ്മാനമാടുന്ന കറുത്ത കോട്ടിട്ട കടവാവലുകള്‍ അവളുടെ സിംഹഗര്‍ജനം ഭയന്ന് വിരണ്ടു തിരിഞ്ഞോടിയതും…

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News