എട്ടാം ദിനത്തിലും പുക പടർന്ന് കൊച്ചി. ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കടവന്ത്ര, മരട്, വൈറ്റില ഭാഗങ്ങളിൽ അതി രൂക്ഷമായ പുക പടരുകയാണ്. ഈ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വടവുകോട്, പുത്തൻകുരിശ്, കിഴക്കമ്പലം പഞ്ചായത്തുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. പകരം പ്ലാസ്റ്റിക് മാലിന്യ സംസ്കരണം നടക്കുക 3 കേന്ദ്രങ്ങളിലായിരിക്കും. കൊച്ചിയിലെ ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്ക്കരിക്കാന്‍ നിർദ്ദേശം നല്‍കുമെന്ന് യോഗം തീരുമാനിച്ചു.
അതേസമയം, ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രഹ്മപുരത്തെ തീപിടിത്തത്തിലെ അട്ടിമറി സാധ്യത എറണാകുളം ജില്ലാ കളക്ടർ രേണു രാജ് തള്ളിയിരുന്നു. മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണം എന്നാണ് കളക്ടര്‍ വിശദീകരിക്കുന്നത്. ഇത് കാരണം ബഹിർഗമിക്കുന്ന ചൂട് കാരണമുണ്ടാക്കുന്ന സ്മോൾഡറിംഗാണ് പ്ലാന്റിൽ ഉണ്ടായത്. പൊതുവെ ചൂട് വർദ്ധിച്ചതും ആക്കം കൂട്ടിയെന്ന് രേണു രാജ് കൂട്ടിച്ചേര്‍ത്തു.
മാർച്ച് 2 ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സ്, പൊലീസ് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും പുറമെ നേവി, വായു സേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും സഹായം ലഭ്യമാക്കിയെന്നും രേണു രാജ് യോഗത്തില്‍ വിശദീകരിച്ചു. അതേസമയം, കത്തിപ്പടരുന്ന തീ പൂർണ്ണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടിൽ നീറി പുകയുന്ന സ്ഥിതി തുടരുകയാണ്. ഇതുവഴിയാണ് പ്ലാന്‍റിന് സമീപപ്രദേശത്ത് പൊതുവെ പുക പടരുന്ന സാഹചര്യമുണ്ടായതെന്നും കളക്ടര്‍ പറഞ്ഞു.
അഗ്നിശമന സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയർ എഞ്ചിനുകൾക്ക് പുറമെ ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുള്ള 3 ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് മിനുട്ടിൽ 60,000 ലിറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണെന്നും കളക്ടർ രേണു രാജ് ഉന്നത തല യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here