പ്രണയവും നഷ്ടപ്രണയങ്ങളും പങ്കുവച്ച് രണ്‍ബീര്‍ കപൂര്‍

ജീവിതത്തില്‍ വിശാലമായ ഒരു കാഴ്ചപ്പാട് സൂക്ഷിക്കുന്നയാളാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. തന്റെ പ്രണയങ്ങളെക്കുറിച്ചും പ്രണയ നഷ്ടങ്ങളെക്കുറിച്ചും തുറന്നു പറയാന്‍ താരം ഒരിക്കലും മടി കാണിച്ചിട്ടില്ല. ബോളിവുഡിലെ സഹപ്രവര്‍ത്തകരായ ദീപിക പദുക്കോണുമായും, കത്രീന കൈഫുമായും ഉണ്ടായിരുന്ന രണ്‍ബീറിന്റെ പ്രണയങ്ങള്‍ ഒരു കാലത്ത് ബോളിവുഡിലെ ചര്‍ച്ചയായിരുന്നു. അതിനെല്ലാം ശേഷം വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ മഹേഷ് ഭട്ടിന്റെ മകളായ ആലിയ ഭട്ടിനെ വിവാഹം ചെയ്ത് ഒരു കുഞ്ഞിന്റെ അച്ഛനായിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍.

സിദ്ധാര്‍ഥ് കണ്ണനുമായി നടത്തിയ പുതിയ അഭിമുഖത്തില്‍ മുന്‍ പ്രണയങ്ങളെക്കുറിച്ചും ബ്രേക്കപ്പുകളെക്കുറിച്ചും രണ്‍ബീര്‍ തുറന്നു സംസാരിച്ചു. മുന്‍ പ്രണയങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ശേഷം, ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യം കണ്ടെത്തിയതായി എപ്പോഴെങ്കിലും തോന്നിയിരുന്നോ എന്നായിരുന്നു ചോദ്യം. സിദ്ധാര്‍ത്ഥിന്റെ ചോദ്യത്തിന് ചിരിച്ച് തലയാട്ടിക്കൊണ്ടായിരുന്നു രണ്‍ബീറിന്റെ മറുപടി. തീര്‍ച്ചയായും താന്‍ ലക്ഷ്യം കണ്ടെത്തിയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

എപ്പോഴെങ്കിലും ബ്രേക്കപ്പിനു ശേഷം ആകെ തകര്‍ന്നു പോവുകയും ജീവിതം ഇതോടെ അവസാനിച്ചു എന്ന് തോന്നുകയും ചെയ്തിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ചോദ്യത്തിന് വളരെ രസകരമായ രീതിയിലാണ് താരം പ്രതികരിച്ചത്. തീര്‍ച്ചയായും തകര്‍ന്നു പോയിരുന്നുവെന്ന് സമ്മതിച്ച താരം മുന്നാഭായ് എംബിബിഎസ് ചിത്രത്തിലെ ഒരു ഗാനത്തിലെ വരികൂടി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. തകര്‍ന്നു പോയി എങ്കിലും ,’ബട്ട് ദെന്‍ മോഹല്ലേ മേ ഐശ്വര്യ ആയെ’. പിന്നീട് തന്റെ തെരുവില്‍ ഐശ്വര്യം വന്നു എന്നാണ് വരിയുടെ അര്‍ഥം. ജീവിതത്തില്‍ വീണ്ടും പ്രണയം കണ്ടു പിടിച്ചതും അലിയാ ഭട്ട് ജീവിതത്തിലേക്ക് കടന്നു വന്നതുമാണ് അതെന്നും താരം വ്യക്തമാക്കി.

തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയം , അമ്മ നീതു കപൂര്‍ താന്‍ സിഗരറ്റ് വലിക്കുന്നത് കണ്ടു പിടിച്ചപ്പോഴായിരുന്നെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. താന്‍ അമ്മയെ ഇത്രയും തകര്‍ന്ന രീതിയില്‍ അതുവരെ കണ്ടിട്ടില്ലെന്നും, താരം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് എട്ടിന് റിലീസായ ‘തൂ ജൂട്ടി മേം മക്കര്‍’ ആണ് രണ്‍ബീറിന്റെ പുതിയ ചിത്രം. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന അനിമല്‍ എന്ന ചിത്രത്തിലാണ് രശ്മിക മന്ദാനയ്ക്കൊപ്പം അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. കിഷോര്‍ കുമാര്‍, സൗരവ് ഗാംഗുലി എന്നിവരുടെ ബിയോപിക്കില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration