മനുഷ്യന്റെ മനസിനോളം സങ്കീർണ്ണമായ മറ്റൊന്നുമില്ല. നിരവധിയായ മാനസിക വ്യതിയാനങ്ങളിലൂടെയാണ് ഓരോ വ്യക്തിയും ഓരോ ദിവസവും കടന്നു പോവുന്നത്. വ്യത്യസ്തമായ മാനസികാവസ്ഥകളെ, അത് സങ്കടമോ ദേഷ്യമോ സന്തോഷമോ എന്തോ ആകട്ടെ, അതിനെ ഓരോ വ്യക്തിയും ഗ്രഹിക്കുന്നത് വ്യത്യസ്തമായാണ്. അതുകൊണ്ട് തന്നെ മറ്റൊരാളുടെ മനോവിചാരങ്ങളെ മനസിലാക്കുക എളുപ്പമല്ല. മാനസികാരോഗ്യത്തിന് വേണ്ട പ്രാധാന്യം ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ലഭിക്കാത്തതിന് ഒരു കാരണം അവബോധമില്ലായ്മയാണ്. മാനസികാരോഗ്യത്തെ ബാധിക്കുന്ന വ്യത്യസ്ത അവസ്ഥകൾ, അല്ലെങ്കിൽ രോഗങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. അറിഞ്ഞാൽ തന്നെയും അതിനെ രോഗമായി കാണാനോ ചികിൽസിക്കാനോ തയ്യാറാവാറില്ല . നമുക്കൊരു പനി വന്നാലോ കയ്യൊടിഞ്ഞാലോ നമ്മൾ ചികിത്സ തേടില്ലേ? അത് പോലെ തന്നെയാണ് മാനസികാവസ്ഥയെ ബാധിക്കുന്ന രോഗങ്ങളും. ഇത്തരത്തിൽ ചികിൽസിക്കപ്പെടാതെ പോകുന്ന രോഗങ്ങളിൽ ഒന്നാണ് ബൈപോളാർ ഡിസോർഡർ.
മാനസികാവസ്ഥയിൽ പെട്ടന്ന് ഉണ്ടാകുന്ന വ്യതിയാനങ്ങളെ നമ്മൾ മൂഡ് സ്വിങ്സ് എന്ന് വിളിക്കാറുണ്ട്. ഇവയുടെ വളരെ തീവ്രമായ അവസ്ഥയാണ് ബൈപോളാർ ഡിസോർഡർ എന്ന് ചുരുക്കത്തിൽ പറയാം. ദൈനംദിന കാര്യങ്ങളെ ബാധിക്കുന്ന തരത്തിൽ മൂഡ് സ്വിങ്സ് മാറുകയാണ് ഈ അവസ്ഥയിൽ. പുറത്തിറങ്ങാനോ,ചിലപ്പോൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കാനോ പോലും കഴിയാത്ത തരത്തിൽ വിഷാദം ബാധിക്കുകയും, അടുത്ത ഘട്ടത്തിൽ ഇതിനു നേരെ വിപരീതമായി സാധാരണയിലും കവിഞ്ഞ ഉത്സാഹം തോന്നുകയും ചെയ്യും ബൈപോളാർ ഡിസോർഡർ രോഗികളിൽ. ഇത് പെട്ടന്ന് ഒരു ദിവസം കൊണ്ട് ആരംഭിക്കുന്ന പ്രശ്നമല്ല. നേരത്തെ തന്നെ ഈ അവസ്ഥ ആരംഭിച്ചിട്ടുണ്ടാകും. നൂറില്‍ ഒരാള്‍ക്കെങ്കിലും എന്നെങ്കിലും ഒരിക്കല്‍ ഇത്തരം അവസ്ഥ വന്നിട്ടുണ്ടാകും. ടീനേജ് പ്രായത്തിന്റെ അവസാനത്തിലാണ് പൊതുവെ ഈ അവസ്ഥ ആരംഭിക്കുന്നതായി കണ്ടു വരുന്നത്. ബൈപോളാർ ഡിസോര്‍ഡറിന്റെ കാരണങ്ങളും ലക്ഷണങ്ങളും അവ തിരിച്ചറിയുന്നതെങ്ങനെയെന്നും നോക്കാം.
ബൈപോളാർ ഡിസോർഡറിന്റെ കാരണങ്ങൾ
തലച്ചോറിന്റെ രസതന്ത്രത്തിൽ വരുന്ന വ്യതിയാനങ്ങളാണ് മാനസികാവസ്ഥകൾക്ക് കാരണമാവുന്നത്. ഈ വ്യതിയാനങ്ങളിൽ സംഭവിക്കുന്ന അപാകതകളാണ് മാനസികാരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളിലേക്കോ അവസ്ഥകളിലേക്കോ നയിക്കുന്നത്. തലച്ചോറിലെ ജനിതക ഘടകങ്ങളിലെ വ്യത്യാസം മൂലമാണ് ബൈപോളാർ ഡിസോർഡർ പ്രധാനമായും ഉണ്ടാവുന്നത്. അത് കൊണ്ട് തന്നെ പാരമ്പര്യമായി ഈ രോഗം പകർന്നു കിട്ടും. ഇതിന് ബൈപോളാർ ഡിസോർഡറിന്റെ പാരമ്പര്യം തന്നെ വേണമെന്നില്ല, ഒബ്‌സെസ്സിവ് കംപൽസീവ് ഡിസോർഡറോ, മാനസിക സമ്മർദമോ(anxiety ) പോലെ വളരെ കോമൺ ആയി കണ്ടു വരുന്ന അവസ്ഥകൾ ഉണ്ടായാലും മതി. ശാരീരിക അസ്വാസ്ഥ്യങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, എന്നിവയും ബൈപോളാർ ഡിസോർഡറിലേക്ക് നയിക്കും. ഇതിനു പുറമെ മനസ്സിനേൽക്കുന്ന ആഘാതങ്ങൾ, ബാല്യകാലത്ത് നേരിടേണ്ടി വന്ന പീഡനങ്ങൾ, ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന വലിയ മാറ്റങ്ങൾ മുതലായവയും കാരണങ്ങളാണ്.
ലക്ഷണങ്ങൾ
വിഷാദത്തിന്റെയും ഉത്സാഹത്തിന്റെയും ആധിക്യമാണ് ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ. എന്നാൽ പലപ്പോഴും ഇതിനെ ഡിപ്രെഷൻ ആയോ മാനസിക സമ്മർദ്ദമായോ തെറ്റിദ്ധരിക്കാറുണ്ട്. ബൈപോളാർ ഡിപ്രെഷനിൽ മനസ്സ് പൂർണ്ണമായും നിയന്ത്രണത്തിലാവാത്ത അവസ്ഥ വരാറുണ്ട്. എന്തെങ്കിലും ചെയ്‌തു കൊണ്ടിരിക്കുന്നതിനടയ്ക്ക് പൂർണ്ണമായും മനസ്സ് കൈവിട്ടു പോകുക, അമിതമായ ഉത്കണ്ഠ തോന്നുക, ഭക്ഷണം കഴിക്കാനോ കുളിക്കുകയോ ആളുകളോട് ഇട പഴാകുന്നതോ പോലെ തീർത്തും സാധാരണമായ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതാവുക മുതലവയെല്ലാം മാനിക് ഡിപ്രെഷന്റെ ലക്ഷണങ്ങളാണ്.
ഈ രോഗമുള്ളവരിൽ ഉത്സാഹവും അധികമായിരിക്കും. ഒരേ സമയം നിരവധി കാര്യങ്ങൾ ഏറ്റെടുക്കുകയും ചെയ്യാൻ ശ്രമിക്കുകയും ചെയ്യുക, പതിവില്ലാത്ത വിധം വലിയ ആശയങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, വളരെയധികം ആക്റ്റീവ് ആയിരിക്കുകയും കാര്യങ്ങളോട് അതിരു കടന്ന താല്പര്യം തോന്നുകയും ചെയ്യുക മുതലായവയാണ് ഈ ഘട്ടത്തിൽ ഉണ്ടാവുക. ഇത്തരത്തിൽ വിഷാദത്തിന്റെയും ഉത്സാഹത്തിന്റെയും ഘട്ടങ്ങൾ മാറി മാറി പ്രത്യക്ഷപ്പെടും ഇത്തരക്കാരിൽ. ഈ ഘട്ടങ്ങൾ ഒരാഴ്ച മുതൽ ഏറ്റക്കുറച്ചിലുകളോടെ നില നില്‍ക്കാറുണ്ട്. ഉറക്കം ഇവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും
എങ്ങനെ തിരിച്ചറിയാം
ബൈപോളാർ ഡിസോർഡർ കണ്ടെത്താനായി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഒരു പരിശോധനയും നിലവിൽ ഇല്ല, എന്നാൽ ഇത് തിരിച്ചറിയാൻ ചില പ്രത്യേക ചോദ്യാവലികൾ ഉപയോഗിക്കുന്നു. അതിനു പുറമെ ഈ ഘട്ടങ്ങളിലെ രക്തസമ്മർദ്ദം അടക്കമുള്ളവ പരിശോധിക്കുന്നതും ഇഇജി , ഹോർമോൺ ലെവലുകൾ മുതലായവ പരിശോധിക്കുന്നതും രോഗത്തിന്റെ കാഠിന്യം മനസിലാക്കാൻ ഉപയോഗിക്കാറുണ്ട്. വളരെക്കാലം നീണ്ടു നിൽക്കുന്ന രോഗാവസ്ഥയായതിനാൽ കാഠിന്യമനുസരിച്ച് മരുന്നുകളും തെറാപ്പിയും അടങ്ങുന്ന ചികിത്സ രീതിയാണ് അവലംബിക്കുന്നത്.
തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിയ്ക്കുകയാണെങ്കിൽ കൃത്യമായ ഇടവേളകളിലുള്ള കൗൺസിലിംഗ് അഥവാ സൈക്കോ തെറാപ്പിയിലൂടെ രോഗം ഭേദമാക്കാം. ശാരീരികാരോഗ്യത്തെ ബാധിക്കുന്ന ഘട്ടത്തിലെത്തിയാൽ ഹോർമോൺ മരുന്നുകളും അവയോടൊപ്പം കൗൺസിലിംഗും സ്വീകരിക്കേണ്ടി വരും. മാനിക് ഡിപ്രെഷനും മാനസിക സമ്മർദ്ദവും ചിലപ്പോൾ പാനിക് അറ്റാക്കുകളിലേക്കും രോഗിയെ പെട്ടന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റേണ്ട അവസ്ഥയിലേക്കും നയിക്കാറുണ്ട്.
ചികിത്സിക്കാതിരിക്കുകയോ നിലവിലുള്ള ചികിത്സയോ മരുന്നുകഴിക്കലോ തുടരാതിരിക്കുകയോചെയ്യുന്നത് അവസ്ഥ കൂടുതല്‍ വഷളാക്കുകയോ രോഗം തിരിച്ചു വരുന്നതിന് കാരണമാകുകയോ ചെയ്യും. മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ്. അത് കൊണ്ട് തന്നെ മനസികാരോഗ്യത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകളെ ഇല്ലാതാക്കുകയും രോഗങ്ങളെക്കുറിച്ച്‍ കൃത്യമായ ധാരണകൾ സൃഷ്ടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here