പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിര്‍മ്മിച്ച് സംപ്രേഷണം ചെയ്ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും 4 പ്രതികളും ഇതുവരെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായിട്ടില്ല.
പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പട്ടതിനെ തുടര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മാറ്റിവെച്ചത്. കോഴിക്കോട് പോക്‌സോ കോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കും. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യുസഫ് അടക്കം 4 പേരാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. യഥാര്‍ത്ഥ വീഡിയോ സംബന്ധിച്ച് ഏഷ്യാനെറ്റ് കണ്ണൂര്‍ റിപ്പോര്‍ട്ടറില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ അഭിമുഖത്തിലെ ശബ്ദം ആദ്യത്തേതാണെന്നും പെണ്‍കുട്ടി വേറെയാണെന്നും കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ മൊഴി നല്‍കിയതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇത് കേസില്‍ നിര്‍ണ്ണായകമാകും.
പോക്‌സോ സെക്ഷന്‍ 21, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് വെള്ളയില്‍ പൊലീസ് കേസ് എടുത്തത്. പോക്‌സോ സെക്ഷന്‍ 21 പ്രകാരം കുറ്റകൃത്യം അറിഞ്ഞിട്ടും അധികൃതരെ അറിയിച്ചില്ല എന്ന കുറ്റമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ ഇതുവരെ ഹാജരായിട്ടില്ല. കേസുമായി ബന്ധപ്പെട്ട ഒറിജിനല്‍ വിഡിയോയും എഡിറ്റഡ് വീഡിയോയും ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ തിരുവനന്തപുരത്താണെന്നാണ് ഇതിന് നല്‍കിയ മറുപടി. പരാതിക്കാരനായ പി വി അന്‍വര്‍ എംഎല്‍എയുടെ മൊഴി അന്വേഷണ സംഘം ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here