തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ ബോർഡ്. ബന്ധുക്കൾ ആരോപിക്കുന്നത് പോലെ രോഗിയിലുണ്ടായിരിക്കുന്ന രോഗലക്ഷണങ്ങൾ മരുന്നു മാറി കഴിച്ചത് കൊണ്ടല്ല എന്നാണ് മെഡിക്കൽ ബോർഡിൻ്റെ വിശദീകരണം.
അപകടത്തിൽ പരുക്കേറ്റ പോട്ട സ്വദേശിയായ അമൽ എന്ന യുവാവിനെ ഫെബ്രുവരി ഒന്നാം തീയതിയായിരുന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവിനെ ഈ മാസം മൂന്നാം തീയതി വാർഡിലേക്ക് മാറ്റി. തുടർന്ന് ഇയാൾക്ക് ഇടവിട്ട് പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർ മരുന്ന് എഴുതി നൽകിയത്. എന്നാൽ ചുമ നിൽക്കാനുള്ള സിറപ്പ് കഴിച്ചത് കൊണ്ട് ഒരിക്കലും അമലിന് നിലവിൽ പ്രകടിപ്പിക്കുന്ന രോഗലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.
വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് ആണ് ഇത് വിലയിരുത്തിയത്. ചുമ നിൽക്കാനുള്ള സിറപ്പ് കാരണം രോഗിക്ക് അപസ്മാരമുണ്ടാവാനുള്ള സാധ്യതയില്ലെന്നും മെഡിക്കൽ ബോർഡ് പറഞ്ഞു. എന്നാൽ പനി മാറാൻ മരുന്ന് കഴിച്ചാണ് അമൽ അപസ്മാരം അടക്കം ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയതെന്നാണ് ബന്ധുക്കളുടെ ആരോപണം. നിലവിൽ അമൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here