യുക്രൈന്‍ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് വീണ്ടും റഷ്യന്‍ മിസൈലുകള്‍

യുക്രൈനിലെ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ മിസൈലുകള്‍. രാജ്യത്തെ ഊര്‍ജ്ജ വിതരണം ഇല്ലാതാക്കാനുള്ള ലക്ഷ്യത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യന്‍ മിസൈലുകള്‍ യുക്രൈനെ ആക്രമിച്ചത്. ഖാര്‍കിവിലും ഒഡേസയിലും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നു, പല പ്രദേശങ്ങളിലും വൈദ്യുതി പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തലസ്ഥാനമായ കീവില്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്നാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ ആക്രമണമാണിത്. ഒഡേസ്സയിലെ തുറമുഖ നഗരത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ മിസൈലുകള്‍ നഗരത്തിലെ ഊര്‍ജ്ജ വിതരണ സംവിധാനത്തെ താറുമാറാക്കി. മിസൈലുകള്‍ ജനവാസ മേഖലകളെയും അക്രമിച്ചെങ്കിലും ആളപായങ്ങള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഒഡേസ്സ ഗവര്‍ണര്‍ മാക്‌സിം മാര്‍ഷെങ്കോ വ്യക്തമാക്കി.

പതിനഞ്ചോളം മിസൈലുകളാണ് ഖാര്‍കീവ് നഗരത്തിനു നേരെആക്രമണം അഴിച്ചു വിട്ടതെന്ന് റീജിയണല്‍ അഡ്മിനിസ്‌ട്രേഷന്‍ ചീഫ് ഒലെഗ് സിനെഗുബോവ് പറഞ്ഞു.പടിഞ്ഞാറന്‍ യുക്രൈനിലെ ലീവ് പ്രവിശ്യയില്‍ വീട്ടിലേക്ക് മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ടു. ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗവര്‍ണര്‍ സെര്‍ഹി ലിസാക്കും അറിയിച്ചു .

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ സാപ്പോറീഷിയ ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നിലയത്തിലെ വൈദ്യുത ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടതായി ആണവനിലയത്തില്‍ ന്യൂക്ലിയര്‍ എനര്‍ജി ഓപ്പറേറ്റര്‍ അറിയിച്ചു.യുക്രൈനിന്റെ ശക്തികേന്ദ്രമായ ബാഖ്മുത്തില്‍ റഷ്യന്‍ സേന വിഭാഗം ആധിപത്യം നേടിയതായി അറിയിച്ച പശ്ചാത്തത്തിലാണ് പുതിയ ആക്രമണം. എന്നാല്‍ നഗരത്തിന്റെ കിഴക്കന്‍ പകുതിയില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്നോട്ട് തുരത്തിയതായി യുക്രൈന്‍ സൈന്യവും അവകാശപ്പെട്ടു. ബാഖ്മുത്ത് പിടിച്ചെടുക്കാന്‍ റഷ്യ മാസങ്ങളായി ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News