ലോക വൃക്കദിനം, കരുതലേകാം കിഡ്‌നികള്‍ക്ക്

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകള്‍. ശരീരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതും രക്തം ശുദ്ധീകരിക്കുന്നതുമെല്ലാം വൃക്കകളാണ്. ജലാംശം നിലനിര്‍ത്തുന്നതിലും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലും, എല്ലുകളുടെ ആരോഗ്യത്തിലും വൃക്കകള്‍ പങ്കു വഹിക്കുന്നു. ഇന്നത്തെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ വൃക്ക രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ലോക വൃക്കദിനം ആചരിക്കുന്നത്. 2006 മുതലാണ് മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച വൃക്കദിനമായി ആചരിക്കാന്‍ തുടങ്ങിയത് . ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജി (ISN), ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് കിഡ്നി ഫൗണ്ടേഷന്‍സ് – വേള്‍ഡ് കിഡ്നി അലയന്‍സ് (IFKF-WKA) എന്നിവര്‍ സംയുക്തമായാണ് ഇത്തരമൊരു ശ്രമത്തിനു തുടക്കമിട്ടത് .’വൃക്കകളുടെ ആരോഗ്യം എല്ലാവര്‍ക്കും’ (Kidney Health For All) എന്നതാണ് ലോക വൃക്ക ദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം.

വൃക്കരോഗം കൃത്യസമയത്തു കണ്ടുപിടിച്ച് ചികില്‍സിച്ചില്ലെങ്കില്‍ ഗുരുതരമായ അവസ്ഥകളിലേക്ക് പോകാന്‍ സാധ്യതയുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കാനും വൈദ്യ സഹായത്തോടെ രക്തശുദ്ധീകരണം അഥവാ ഡയാലിസിസ് നടത്തേണ്ടി വരുന്ന അവസ്ഥയിലേക്കും ഇത് നയിക്കും. വൃക്കരോഗം നിശ്ശബ്ദനായ കൊലയാളിയാണെന്ന് അപലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല. ലോകത്ത് 850 ദശലക്ഷത്തിലധികം വൃക്ക രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയായവരുടെ കണക്ക് നോക്കിയാല്‍ 10ല്‍ ഒരാള്‍ക്ക് വൃക്ക രോഗം ഉണ്ടായിരിക്കുമെന്നും കണക്കുകള്‍ പറയുന്നു.

ഉപ്പിന്റെയും പഞ്ചസാരയുടെയും അമിതഉപയോഗം, മദ്യപാനം, പുകവലി, ഉറക്കമില്ലായ്മ, അമിതമായ മാംസാഹാരം, വേദനാസംഹാരികളുടെ അമിതഉപയോഗം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക മുതലായ ശീലങ്ങളെല്ലാം വൃക്കകളുടെ തകരാറിലേക്ക് നയിക്കും. മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് വൃക്കരോഗങ്ങളുടെ പ്രധാന ലക്ഷണം. മൂത്രത്തിന്റെ അളവ് കുറയുക, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക,മൂത്രത്തില്‍ രക്തത്തിന്റെ അംശം മുതലായവയെല്ലാമാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍.ക്ഷീണം,ഭക്ഷണത്തോട് താല്പര്യമില്ലാതാകുക,കൈകാലുകളിലും മുഖത്തും നീര് തുടങ്ങിയവയും വൃക്കരോഗത്തിന്റെ ഭാഗമായി പ്രകടമായേക്കാം.

ലക്ഷണങ്ങള്‍ ആദ്യമേ തിരിച്ചറിഞ്ഞ കൃത്യമായ ചികിത്സ സ്വീകരിക്കുകയാണ് വൃക്കരോഗങ്ങള്‍ക്കുള്ള പോംവഴി.അതോടൊപ്പം തന്നെ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയും അനാരോഗ്യകരമായ ശീലങ്ങള്‍ ഉപേക്ഷിച്ചും വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News