എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയുടെ (എംപിലാഡ്) പുതുക്കിയ മാര്‍ഗ്ഗരേഖ കേരളത്തിന് പ്രതികൂലമാണെന്നും ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്ര പദ്ധതി നിര്‍വഹണം-സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് സഹമന്ത്രി റാവു ഇന്ദര്‍ജിത്ത് സിംഗ് എന്നിവര്‍ക്ക് കത്തയച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന മാര്‍ഗ്ഗരേഖ പ്രകാരം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. സ്വകാര്യ ട്രസ്റ്റുകളെ പോലും എംപിലാഡ് പദ്ധതിയില്‍ പരിഗണിക്കുമ്പോഴാണ് ഗവണ്‍മെന്റ് എയ്ഡഡ് സ്ഥാപനങ്ങളെ മാറ്റി നിര്‍ത്തിയിട്ടുള്ളതെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
ജില്ലാതലത്തിലുള്ള നിര്‍വഹണ ഏജന്‍സികളാണ് നിലവില്‍ എംപിലാഡ് പദ്ധതികളുടെ മേല്‍നോട്ടവും ഫണ്ടിന്റെ ക്രയവിക്രയങ്ങളും നടത്തുന്നത്. പുതിയ വ്യവസ്ഥ പ്രകാരം ദേശീയതലത്തിലെ ഏജന്‍സിക്കായിരിക്കും ഇക്കാര്യങ്ങളുടെ ചുമതല. ഫണ്ട് വിനിയോഗത്തില്‍ കാലതാമസം വരാനും പദ്ധതികള്‍ വൈകാനും മാത്രമേ ഇത് ഇടവരുത്തുകയുള്ളൂവെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു.
എംപിലാഡ് പദ്ധതി ഫലകങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കി കൊണ്ടുള്ള കരട് നിര്‍ദ്ദേശം പുതിയ മാര്‍ഗ്ഗരേഖയില്‍ നിന്ന് പിന്‍വലിച്ചത് ജോണ്‍ ബ്രിട്ടാസ് എംപി സ്വാഗതം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here