മദ്യനയ അഴിമതിക്കേസില്‍ സിബിഐക്ക് പിന്നാലെ ഇഡിയും മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. രണ്ടുദിവസം ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ്. സിസോദിയയെ നാളെ കോടതിയില്‍ ഹാജരാക്കും.
സിബിഐയും ഇഡിയും സമാന്തരമായി അന്വേഷിക്കുന്ന മദ്യനയ അഴിമതിക്കേസില്‍ ആദ്യം സിബിഐയാണ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. പിന്നാലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സിസോദിയയെ തിഹാര്‍ ജയിലിലെത്തി ഇഡി ചോദ്യം ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. പുതിയ അറസ്റ്റുകളുടെയും തെളിവുകളുടെയും പശ്ചാത്തലത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച 100 കോടി രൂപ ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണമാണ് ഇഡി അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. നാളെ സിസോദിയയെ കോടതിയില്‍ ഹാജരാക്കും.
അതേസമയം, നാളെ സിസോദിയയുടെ ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ അറസ്റ്റ്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാധ്യത. എന്നാല്‍, ഇഡി നടപടിക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. സിസോദിയയെ ഏതുവിധേനയും ജയിലിലിടുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും കെജ്രിവാള്‍ പ്രതികരിച്ചു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കുമ്പോഴും മദ്യനയ അഴിമതിക്കേസില്‍ കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. സിബിഐക്ക് പിന്നാലെ സിസോദിയയെ ഇഡിയും അറസ്റ്റ് ചെയ്തത് എഎപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here