താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം, സ്ത്രീകളെയും പെണ്‍കുട്ടികളെയും ഏറ്റവുമധികം അടിച്ചമര്‍ത്തുന്ന രാജ്യമായി അഫ്ഗാനിസ്ഥാന്‍ മാറിയെന്ന് ഐക്യരാഷ്ട്ര സഭ. അഫ്ഗാനില്‍ സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടുവെന്നും വനിതാ ദിനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഐക്യരാഷ്ട്രസഭ പറഞ്ഞു. ‘അഫ്ഗാനിസ്ഥാന്റെ പുതിയ ഭരണാധികാരികള്‍ ഭൂരിഭാഗം സ്ത്രീകളെയും അവരുടെ വീടുകളില്‍ തന്നെ കുരുക്കിയിടാന്‍ കഴിയുന്ന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നു’വെന്നും യുഎന്‍ മിഷന്‍ പറഞ്ഞു.
രണ്ട് ദശാബ്ദം നീണ്ട യുദ്ധത്തിന് ശേഷം യുഎസും നാറ്റോയും അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുകയും, 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. മതപരമായ നിലപാടുകളിലും ലിംഗവിവേചനങ്ങളിലുമെല്ലാം മിതമായ സമീപനമേ സ്വീകരിക്കൂ എന്നായിരുന്നു ഭരണം പിടിച്ച ഘട്ടത്തില്‍ താലിബാന്റെ വാഗ്ദാനം. എന്നാല്‍ ഇതിന് വിരുദ്ധമായി കടുത്ത നടപടികളാണ് ഈ വിഷയങ്ങളില്‍ തുടക്കം മുതല്‍ താലിബാന്‍ സ്വീകരിച്ചു വരുന്നത്.
താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസ്സിനപ്പുറം വിദ്യാഭ്യാസത്തിന് അനുമതി നിഷേധിച്ചു. പാര്‍ക്കുകള്‍, ജിമ്മുകള്‍, ചില വിനോദസഞ്ചാര പ്രദേശങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ദേശീയ, അന്തര്‍ദേശീയ സംഘടനകളിലോ,സര്‍ക്കാരിതര സംഘടനകളിലോ പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ പോലും കാര്‍ക്കശ്യ സമീപനം കൊണ്ടുവന്നു തുടങ്ങിയ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇപ്പോഴും ഇസ്ലാമിക ശിരോവസ്ത്രമോ, ഹിജാബോ മുഴുവന്‍ സ്ത്രീകളും ധരിക്കുന്നില്ലെന്നും, ലിംഗവേര്‍തിരിവ് നിയമങ്ങള്‍ ശരിയായി പാലിക്കുന്നില്ലെന്നും അതിനാല്‍ തന്നെ ഈ നടപടികള്‍ താല്‍ക്കാലികം മാത്രമാണെന്നുമാണ് താലിബാന്റെ വിശദീകരണം. സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്ന ചില വിഷയങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാത്തവയാണെന്നതിനാലാണ് സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിന് നിരോധനമേര്‍പ്പെടുത്തിയതെന്നാണ് താലിബാന്‍ സര്‍ക്കാര്‍ പറയുന്നത്.
11.6 ദശലക്ഷം അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാനുഷികപരമായ സഹായം ആവശ്യമാണെന്ന് യുഎന്‍ പ്രസ്താവനയില്‍ പറയുന്നു. എന്‍ജിഒകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ വിലക്കുന്നതിലൂടെ താലിബാന്‍ അന്താരാഷ്ട്ര സഹായ ശ്രമങ്ങളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും വിലയിരുത്തലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here