കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം നിവാസികള്‍ കാട്ടുപോത്ത് ഭീതിയില്‍. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കാട്ടുപോത്തിനെ കണ്ടെത്താന്‍ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
എതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇടക്കുന്നത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടുപോത്തിനെ നാട്ടുകാര്‍ ആദ്യം കണ്ടത്. പിറ്റേന്ന് കിണറിന്റെ ഒരു ഭാഗത്തെ മതില്‍ ഇടിച്ചുമാറ്റി വനം വകുപ്പ് പോത്തിനെ രക്ഷപ്പെടുത്തി. എന്നാല്‍, കാട്ടുപോത്ത് ജനവാസ മേഖലയില്‍ തുടര്‍ന്നു. കഴിഞ്ഞ ദിവസം പാലമ്പ്ര സ്വദേശി ചന്ദ്രനെ ആക്രമിച്ചിരുന്നു. ഇയാള്‍ക്ക് തലയില്‍ 36 തുന്നിക്കെട്ടുകള്‍ ഇടേണ്ടി വന്നു.
വനം വകുപ്പ് പോത്തിനായി തെരച്ചില്‍ തുടരുമ്പോഴും ഇതിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, കാട്ടുപോത്ത് ജനവാസ മേഖലയില്‍ നിന്നും വനത്തിലേക്ക് മടങ്ങിയെന്ന നിഗമനത്തിലാണ് വനം വകുപ്പ്. പെരിയാര്‍ ടൈഗര്‍ റിസര്‍വിനോടു ചേര്‍ന്ന, വെള്ളനാടി എസ്റ്റേറ്റില്‍ നിന്നും കാട്ടുപോത്ത് ഇടക്കുന്നത്ത് എത്തിയതായാണ് നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here