ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിയെ രൂപീകരിച്ച് ഹൈക്കോടതി

ബ്രഹ്‌മപുരത്തെ സ്ഥിതിഗതികളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ നിരീക്ഷണ സമിതി രൂപീകരിച്ച് ഹൈക്കോടതി. ജില്ലാ കളക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗങ്ങള്‍, പിസിബി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് സമിതി. ബ്രഹ്‌മപുരത്ത് സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

എറണാകുളം ജില്ലാ കളക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന നിരീക്ഷണ സമിതിയെയാണ് നിയോഗിച്ചത്. സമിതി ബ്രഹ്‌മപുരം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ എസ്‌വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ബ്രഹ്‌മപുരത്തെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും നാശഷനഷ്ടവും വിലയിരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജില്ലാ കളക്ടറും കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയും നേരിട്ടും അഡീഷണല്‍ ചീഫ് സെക്രട്ടറി മലനീകരണ നിയന്ത്രണ ബോഡ് ചെയര്‍മാന്‍ എന്നിവര്‍ ഓണ്‍ലൈനിലും ഹാജരായിരുന്നു. ഇതുവരെ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തീ പൂര്‍ണമായും കെടുത്തിയിട്ടുണ്ട്. എട്ട് സെക്ടറുകളായി തിരിച്ചതില്‍ ഇനി രണ്ട് സെക്ടറുകളില്‍ മാത്രമാണ് പുക ഉയരുന്നതെന്നും അറിയിച്ചു. നിലവിലെ അവസ്ഥ ഓണ്‍ലൈനില്‍ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണത്തില്‍ ശാശ്വതമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതി സമര്‍പ്പിക്കാന്‍ തദ്ദേശ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News