ത്രിപുരയില്‍ സംഭവിച്ചതെന്തെന്ന് എളമരം കരീം എംപി പറയുന്നു

ത്രിപുരയിലെ ബിജെപി ആക്രമണം നടന്ന സ്ഥലങ്ങളില്‍ നേരിട്ടെത്തിയ സിപിഐഎമ്മിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എളമരം കരീം എം.പിക്ക് നേരെയും ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി സെക്രട്ടറി അജയകുമാര്‍ എന്നിവരെയാണ് ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചത്. ത്രിപുരയില്‍ സംഭവിച്ചതെന്തെന്ന് എളമരം കരീം പറയുന്നു.

‘ഞാന്‍ ഉള്‍പ്പെടുന്ന ടീം പോയ സ്ഥലത്താണ് ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ അക്രമം കാണിക്കാന്‍ ശ്രമിച്ചത്. വിശാല്‍ നഗര്‍ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ നിഹാല്‍ ചന്ദ് നഗറില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ബിജെപിക്കാര്‍ വലിയ തോതില്‍ ആക്രമണം നടത്തിയിരുന്നു. ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകരുടെ നിരവധി കടകള്‍ ഇവിടെ അടിച്ചു തകര്‍ത്തു. വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. ഒരു ചെറിയ അങ്ങാടിയാണ് ആ സ്ഥലം. അവിടം സന്ദര്‍ശിക്കുന്നതിനാണ് ഞങ്ങള്‍ എത്തിയത്. ഞങ്ങള്‍ എത്തുമ്പോള്‍ നിശ്ചയിച്ചതിനേക്കാള്‍ അല്‍പ്പസമയം വൈകിയിരുന്നു. അക്രമത്തിനിരയായ കുടുംബങ്ങള്‍ വ്യക്തികള്‍, എല്ലാവരും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരുമായി ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുറച്ചപ്പുറത്തു നിന്ന് ഒരുസംഘം ആളുകള്‍ ‘ഗോബാക്ക’് മുദ്രാവാക്യം മുഴക്കുന്നത് കേള്‍ക്കുന്നത്.

ഞങ്ങടെ കൂടെ ഞാനുണ്ട്, എംപി അബ്ദുള്‍ അലിം എന്ന് പറയുന്ന ആസാമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി, സിപിഐഎമ്മിന്റ ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പിന്നെ എഐസിസി സെക്രട്ടറി അജയ് കുമാര്‍ എന്നിവരും ഉണ്ട്. പിന്നെ നമ്മുടെ കുറച്ച് പ്രാദേശിക പ്രവര്‍ത്തകരും ഉണ്ട്. ഞങ്ങള്‍ മുദ്രാവാക്യം വിളി ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലീസ് വന്നു. ഇത് പ്രശ്‌നം ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്, അതുകൊണ്ട് നമുക്ക് ഇപ്പൊ അവസാനിപ്പിക്കാം, രാത്രിയായാലും പിന്നെ തുടരാം എന്ന് പൊലീസുകാര്‍ പറഞ്ഞു. ഞങ്ങള്‍ അവിടുന്ന് മടങ്ങാന്‍ തുടങ്ങി. പക്ഷെ അവര്‍ ഞങ്ങള്‍ക്ക് നേരെ അക്രമം നടത്തുക എന്ന നിലയില്‍ മുന്നോട്ടു വന്നുകൊണ്ടിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാര്‍ അവരുടെ എല്ലാ കഴിവും ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തിയതുകൊണ്ടാണ് വലിയ നിലയിലുള്ള ശാരീരിക അക്രമം നടക്കാതിരുന്നത്്. അക്രമിക്കാന്‍ മുതിര്‍ന്നു തന്നെയാണ് അവര്‍ ഞങ്ങള്‍ക്കു നേരെ അടുത്തത്.

നിയമസമാധാനം പൂര്‍ണമായും തകര്‍ന്നു എന്ന് പറയുന്ന അവസ്ഥയാണ് ത്രിപുരയില്‍. അക്രമ സ്ഥലങ്ങളെല്ലാം ഒരേ സ്വഭാവത്തിലാണ്. അക്രമിക്കപ്പെട്ടവരുടെ പേരില്‍ കേസെടുക്കുക, അക്രമികളെ വെറുതെ വിടുക എന്ന നിലപാടാണ് പോലീസ് എടുക്കുന്നത്. പരിക്കേറ്റവരുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. എന്നാല്‍ പരിക്കേറ്റവര്‍ക്കെതിരായി അക്രമിച്ചവര്‍ കൊടുത്ത കേസുകളില്‍ പരിക്കേറ്റവരെ അറസ്റ്റ് ചെയ്യുകയും അവരുടെ പേരില്‍ കേസെടുക്കുകയും ചെയ്തു.

കടുത്ത അസഹിഷ്ണുതയിലാണ് ബിജെപി. ഇപ്പോള്‍ അവര്‍ നേടിയിരിക്കുന്ന തിരഞ്ഞെടുപ്പ് വിജയം യഥാര്‍ത്ഥത്തില്‍ നാണം കെട്ട വിജയമാണ്. അഞ്ചുവര്‍ഷത്തെ ഭണത്തിന് ശേഷം ബിജെപിയുടെ വോട്ട് വലിയ നിലയില്‍ കുറഞ്ഞു. ഗോത്രവര്‍ഗ്ഗ പാര്‍ട്ടി വോട്ട് ഭിന്നിച്ചിട്ടില്ലായിരുന്നെങ്കില്‍ ത്രിപുരയിലെ ഫലം എന്താകുമായിരുന്നെന്ന് അവര്‍ക്കറിയാം. ആ ഒരു രോഷത്തിന്റെ പുറത്ത് ജനങ്ങളുടെ നേരെ പക തീര്‍ക്കുന്ന മട്ടിലാണ് അവര്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. ബിജെപി ദീര്‍ഘകാലമായി ഭരിക്കുന്ന എല്ലാ പ്രദേശത്തും സ്ഥിതി തന്നെയാണ്.

വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്ന യോഗി ആദിത്യനാഥ്, അതേ നില സ്വീകരിക്കുന്ന ആസാം ഗവണ്‍മെന്റ് നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ത്രിപുരയിലെ അവസ്ഥ അതില്‍ നിന്നും ഒട്ടും വ്യത്യാസ്തമല്ല. ത്രിപുര ഒരു കൊച്ചു സംസ്ഥാനമാണ്. മറ്റിടങ്ങളില്‍ നിന്ന് അവിടെ എത്തിച്ചേരാനുള്ള യാത്രാ പ്രശ്നങ്ങളൊക്കെ നിലവിലുള്ളപ്പോള്‍ അവരെ ഒറ്റപ്പെടുത്തി തകര്‍ക്കല്‍ എളുപ്പമാണ്. എല്ലാ ഭരണ സംവിധാനങ്ങളും അതിന് അനുകൂലമാണ്. മുഖ്യമന്ത്രി ഇന്നലെ ഒരു പ്രസ്താവന ഇറക്കിയത് ഇടതുപക്ഷത്തിനെതിരായിട്ടുള്ളതാണ്. മാത്രമല്ല ബിജെപിയുടെ ത്രിപുരയിലെ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഗവര്‍ണര്‍ അതിന് സമയം നിശ്ചയിച്ച് തന്നിട്ടില്ല.

ത്രിപുരയിലെ ബിജെപി ആക്രമണങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ പാര്‍ലമെന്റില്‍ നിന്നുള്ള ഏഴ് എം.പിമാരാണ് ഇപ്പോള്‍ ത്രിപുരയില്‍ ഉള്ളത്. കോണ്‍ഗ്രസിന്റെ രണ്ടുപേരും, ഇടതുപക്ഷത്തിന്റെ അഞ്ചുപേരും. പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ത്രിപുരയിലെ വിഷയങ്ങള്‍ സംസാരിക്കാന്‍ ഗവര്‍ണ്ണറോട് സമയം തേടിയത്. പക്ഷെ ഇതുവരെ അനുമതി തന്നിട്ടില്ല. ഇങ്ങനെ ഒരു നിയമ സമാധാന പ്രശ്നം ഉള്ളതായി അംഗീകരിക്കാന്‍ പോലും അവര്‍ തയ്യാറാവുന്നില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം. ഗവര്‍ണറും മുഖ്യമന്ത്രിയും പോലീസും എല്ലാം ഒരേ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. നാളെ ഗവര്‍ണറെ കാണാന്‍ അനുമതി കിട്ടുന്നില്ലെങ്കില്‍ ഗവര്‍ണറുടെ ആപ്പീസിനു മുമ്പില്‍ സമരം ചെയ്യേണ്ട അവസ്ഥ വരുമെന്നാണ് ഞങ്ങള്‍ കണക്കാക്കുന്നത്. വേണ്ടിവന്നാല്‍ നാളെ അതും ചെയ്യേണ്ടിവരും എന്ന് തോന്നുന്നു. ഏത് നിലയിലും ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി ജനങ്ങളുടെ ശ്രദ്ധ ത്രിപുര പ്രശ്നത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ ശ്രമവും ഞങ്ങള്‍ നടത്തും.

നാളെ ത്രപുരയില്‍ ബിജെപിയുടെ വിജയ ദിനാഘോഷമാണ്. അതുകൊണ്ട് എല്ലാ സ്ഥലത്തും സമാധാനപരമായി ഞങ്ങളുടെ സന്ദര്‍ശനം നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇന്ന് രാത്രി അതിനെക്കുറിച്ച് ഞങ്ങള്‍ ആലോചന നടത്താന്‍ പോകുന്നതേയുള്ളൂ. മാത്രമല്ല പോലീസും നാളത്തെ ദിവസം അത്ര സുഖകരമാവില്ല എന്ന സൂചന നല്‍കിയതായിട്ടാണ് അറിയുന്നത്. എങ്ങനെയെല്ലാം ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്.

ത്രിപുര ജില്ലാ കമ്മിറ്റി ഓഫീസില്‍ കുറെ ആളുകള്‍, വീട് നഷ്ടപ്പെട്ടവര്‍ അവിടെ വന്ന് അഭയം തേടിയിട്ടുണ്ട്. ആ പരിസരത്തുള്ളവരെ ഞങ്ങള്‍ രാവിലെ അവിടെ പോയി കാണുന്നുണ്ട്. പിന്നെ ഗവര്‍ണറെ കാണാന്‍ അനുമതി കിട്ടുകയാണെങ്കില്‍ അവിടെ പോകണം. അതിനിടയില്‍ എവിടെയെല്ലാം പോകാന്‍ സാധിക്കുമെന്ന് നോക്കണം. ബിജെപിയുടെ വിജയാഹ്ലാദം ഏത് സമയത്താന്ന് പറയാന്‍ പറ്റില്ല. മദ്യവും എല്ലാ ലഹരിയും ഉപയോഗിച്ച് അക്രമാസക്തരായി തെരുവിലിറങ്ങുമ്പോള്‍ എത്രമാത്രം സംഘര്‍ഷഭരിതമാകും എന്നതുകൂടി പരിഗണിച്ചുകൊണ്ടായിരിക്കും നാളത്തെ പരിപാടി. അതില്‍ നാളെ നേതൃത്വം ഒരു തീരുമാനം എടുക്കും. അവരാണ് തീരുമാനിക്കേണ്ടത് ഞങ്ങള്‍ക്ക് മാത്രമായി തീരുമാനിക്കാന്‍ കഴിയില്ല.

ത്രിപുരയിലെ ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ വളരെ പാവപ്പെട്ട ജനങ്ങളാണ്. നമുക്ക് കേരളത്തിലുള്ള ജനങ്ങളുടെ ഇടപെടല്‍, അവരുടെ രാഷ്ട്രീയ നിലവാരം, ബോധം ഇതുപോലുള്ള കാര്യങ്ങളിലൊക്കെ വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു സ്ഥിതിയാണ് ത്രിപുരയിലെ ജനങ്ങള്‍ക്കിടയില്‍ പൊതുവില്‍ കാണാന്‍ പറ്റുന്നത്. അവരെ അടിച്ചമര്‍ത്തുക, അവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുക, അവരുടെ വീടുകള്‍ തകര്‍ക്കുക. ഈ പ്രാവശ്യത്തെ ആക്രമണത്തിന്റെ ഒരു പ്രത്യേകത ഇതൊക്കെയാണെന്നാണ് മണിക് സര്‍ക്കാര്‍ തന്നെ ഞങ്ങളോട് പറഞ്ഞത്.

ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഉപജീവിതത്തിനുള്ള ഉപാധികളെ തകര്‍ക്കലാണ് ഈ അക്രമത്തിലെ പ്രധാന സ്വഭാവം. മൂന്ന് പേരാണ് ശേഷമുള്ള അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. അത് നേരിട്ട് കൊലപാതകമായിട്ടുള്ളത് ഒന്നാണ്. രണ്ടെണ്ണം ആക്രമണത്തിന് ഇരയായതിന് ശേഷം ഉണ്ടായ ഹൃദയസ്തംഭനത്തില്‍ മരണപ്പെട്ടവരാണ്. എന്നാല്‍ ഒട്ടേറെ വാഹനങ്ങള്‍ കടകള്‍, വീടുകള്‍ ഇതെല്ലാമാണ് തകര്‍ക്കപ്പെട്ടത്. ജീവിതോപാധികളാണ് തകര്‍ക്കുന്നത്. ഒരു ജനതയെ കീഴ്പ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. പക്ഷേ ജനങ്ങള്‍ വലിയ ആത്മവിശ്വാസം കാണിക്കുന്നുണ്ട്. ഇതിനൊക്കെ ചെറുത്ത് നില്‍ക്കുമെന്ന ഉറച്ച അഭിപ്രായം സ്ത്രീകള്‍ ഉള്‍പ്പെടെ ഞങ്ങളോട് പറയുന്നത് ശ്രദ്ധേയമായിരുന്നു. അവരെ കീഴ്പ്പെടുത്തി സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്താന്‍ ബിജെപിക്ക് കഴിയില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News