എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തെരുവുകളിലും തണ്ണീര്‍പന്തലുകള്‍ ആരംഭിക്കും

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ വകുപ്പ് മേധാവികളെയും  ജില്ലാ കലക്ടര്‍മാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  തണ്ണീര്‍പ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം ‘തണ്ണീര്‍ പന്തലുകള്‍’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നല്‍കണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്‌കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ , മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവര്‍ത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തും.

വ്യാപാരികളുടെ സഹകരണം ഇതില്‍ ഉറപ്പാക്കണം. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളില്‍ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിക്കാവുന്നതാണ്.

എല്ലാ തദ്ദേശ സ്ഥാപനങള്‍ക്കും കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പ് പ്ലാന്‍ ഫണ്ട്/തനതു ഫണ്ട് വിനിയോഗിക്കുവാന്‍ അനുമതി നല്കിയിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  ഉഷ്ണകാല ദുരന്ത ലഘുകരണ പ്രവര്‍ത്തന മാര്‍ഗരേഖ (സ്റ്റേറ്റ് ഹീറ്റ് ആക്ഷന്‍ പ്ലാന്‍) തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാര്‍ഗരേഖയില്‍ സംസ്ഥാനത്തെ ഓരോ വകുപ്പിനും ചുമതലകള്‍ നിശ്ചയിച്ച് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും നിര്‍ദേശിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്‌നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ വിപുലമായ രീതിയില്‍ വേനല്‍ക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്പയിന്‍ നടത്തണം. ഇത്തരം ക്യാമ്പയിന്‍ ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന് നാമകരണം ചെയ്യും. ഈ ക്യാമ്പയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവില്‍ ഡിഫന്‍സ് എന്നിവരെ ഉപയോഗിക്കാം. ക്യാമ്പയിന്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കണം. അതതു വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങള്‍ക്ക് കരുതിയിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാം.

തീപിടുത്തങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അഗ്‌നിശമന രക്ഷാസേന പൂര്‍ണ സജ്ജമായി നില്‍ക്കുകയും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന വ്യാപാര മേഖലകള്‍, മാലിന്യ സംഭരണ കേന്ദ്രങ്ങള്‍, ജനവാസ മേഖലയില്‍ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍, എല്ലാ ആശുപതികളുടെയും, പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെയും ഫയര്‍ ഓഡിറ്റ് നടത്തണം. അഗ്‌നിശമന സേനയ്ക്ക് അധികമായി ആവശ്യമായ ഉപകരണങ്ങള്‍, കെമിക്കലുകള്‍ എന്നിവ വാങ്ങുവാന്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 10 കോടി രൂപ അനുവദിക്കും.

ജനവാസ മേഖലയില്‍ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി, ഉണങ്ങിയ പുല്ല് നിയന്ത്രിതമായി വെട്ടി മാറ്റുവാന്‍ തൊഴിലുറപ്പ് പദ്ധതി  പ്രവര്‍ത്തകരെ വിനിയോഗിക്കാവുന്നതാണ്.

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തില്‍ എല്ലാ ആശുപതികളുടെയും, പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെയും  ഇലക്ട്രിക്കല്‍ ഓഡിറ്റ്  നടത്തണം. ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ തീപിടുത്തങ്ങള്‍ക്ക് കാരണമാകുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.

മേല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ തലത്തില്‍ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുകയും തദ്ദേശ സ്ഥാപന തലത്തില്‍ ടാസ്‌ക് ഫോഴ്സുകള്‍ രൂപീകരിച്ച് നടപ്പിലാക്കുകയും ചെയ്യണം.

ജലവിഭവ വകുപ്പ് അടിയന്തിരമായി കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ മുന്‍കൂട്ടി കണ്ടെത്തി അത് ദുരന്ത നിവാരണ അതോറിറ്റികള്‍ക്കും, തദ്ദേശ സ്ഥാപന വകുപ്പിനും ലഭ്യമാക്കണം. അത് പ്രകാരം മുന്‍കൂട്ടിയുള്ള കര്‍മ്മ പദ്ധതിക്ക് പ്രദേശികമായി രൂപം നല്‍കാന്‍ സാധിക്കണം.

എസ്.ഡി. എം. എ സ്ഥാപിച്ചിട്ടുള്ള 5000 വാട്ടര്‍ കിയോസ്‌കുകള്‍ പ്രവര്‍ത്തനക്ഷമമാക്കി ഉപയോഗിക്കണം.

വാട്ടര്‍ കിയോസ്‌കുകള്‍ പരിശോധിച്ച്  ആവശ്യമെങ്കില്‍ അവ വൃത്തിയാക്കാനോ പുന:ക്രമീകരിക്കാനോ പതിനായിരം രൂപ ഒരു കിയോസ്‌കിന് എന്ന നിലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കും.

ഹോട്ടലുകള്‍, സന്നദ്ധ, രാഷ്ട്രീയ, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ എല്ലാ പ്രദേശത്തും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന ക്യാമ്പയിനുകള്‍ നടപ്പിലാക്കണം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, പൊള്ളല്‍, വേനല്‍ക്കാലത്തെ പകര്‍ച്ച വ്യാധികള്‍ എന്നിവയെ നേരിടുന്നതിനായി പ്രത്യേകമായ പരിശീലനം നല്‍കുക. എല്ലാ പി.എച്ച് സി, സി എച്ച് സികളിലും ഉള്‍പ്പെടെ ഒ. ആര്‍. എസ് ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം.

തൊഴില്‍ വകുപ്പ് ആവശ്യമായ തൊഴില്‍ സമയ പുനക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികളുടെയും  ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം. പരീക്ഷ കാലമായതിനാല്‍ മാനസിക പിരിമുറുക്കം കൂടുതല്‍ ഉണ്ടാവും. ഹീറ്റ് സ്ട്രെസ്സ് അത് വര്‍ധിപ്പിക്കും. പരീക്ഷ ഹാളുകളില്‍ വെന്റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കണം.

പോലീസ് അഗ്‌നി സുരക്ഷാ വകുപ്പിന്റെ സഹായത്തോടെ അടിയന്തിരമായി പടക്ക നിര്‍മ്മാണ/ സൂക്ഷിപ്പ് ശാലകള്‍ പരിശോധിച്ച് നിര്‍ബന്ധമായും അഗ്‌നി സുരക്ഷാ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഉത്സവ സുരക്ഷാ മാനദണ്ഡ മാര്‍ഗ്ഗരേഖ അനുസരിച്ച് ഉത്സവങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കും. ഉത്സവത്തോട് അനുബന്ധമായുള്ള പടക്ക ശേഖരം, നിര്‍മ്മാണ/ശൂക്ഷിപ്പ് ശാലകള്‍ നിര്‍ബന്ധമായി പരിശോധിച്ച് അഗ്‌നി സുരക്ഷാ ഉറപ്പ് വരുത്തണം.

വേനല്‍ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ പരമാവധി ജലം സംഭരിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പദ്ധതിയുണ്ടാവണം. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയിലും ശക്തമായ ബോധവല്‍ക്കരണം നടത്തണം. പ്രദേശികമായ പ്രായോഗിക മോഡലുകള്‍ ഇതിനായി വികസിപ്പിക്കാന്‍ സാധിക്കണം. ജനപ്രതിനിധികളുടെ ഉള്‍പ്പെടെ നേതൃത്വത്തില്‍ ഒരു ജനകീയ ക്യാമ്പയിനായി ഇത് വളര്‍ത്തണം.

ചൂട് ഭാവിയിലും വര്‍ധിക്കും എന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകളെ പരിഗണിച്ചു കൊണ്ട് അതിനെ അതിജീവിക്കുന്നതിനായി ഹീറ്റ് ആക്ഷന്‍ പ്ലാനിലൂടെ നിര്‍ദേശിച്ചിട്ടുള്ള  ‘കൂള്‍ റൂഫ്’ ഉള്‍പ്പെടെയുള്ള ഹൃസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ നല്‍കി നടപ്പിലാക്കണം. കേരളത്തിലെ എല്ലാ നഗരങ്ങള്‍ക്കും ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കണം.

റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദ മുരളീധരന്‍,
സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ,  ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News