പണിതീരാത്ത പാത ഉദ്ഘാടനം ചെയ്യാൻ മോദി, ലക്ഷ്യം തെരഞ്ഞെടുപ്പ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പേ പണിതീരാത്ത പാലം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് എന്ന് ആരോപണം. മോദി ഞായറാഴ്ച തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത് പണി പൂർത്തിയാക്കാത്ത മൈസൂരു-ബംഗളൂരു അതിവേഗ 10 വരി പാതയാണ് എന്നാണ് പ്രതിപക്ഷ  ആക്ഷേപം. കേന്ദ്ര ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി മാർച്ച്  ഏഴിന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും പാലത്തിൻ്റെ  യഥാർത്ഥ അവസ്ഥയും തമ്മിൽ വലിയ അന്തരമാണ് എന്ന് കോൺഗ്രസ് ആരോപിക്കുന്നു. പാലത്തിൻ്റെ അവസ്ഥ കോൺഗ്രസ് സംഘത്തിനൊപ്പം പാലം സന്ദർശിച്ച മാധ്യമ പ്രവർത്തകർക്ക് അവർ വിശദമാക്കി.

രണ്ടാം യുപിഎ സർക്കാറിൻ്റെ കാലത്ത്  2014 മാർച്ച് നാലിനാണ് പദ്ധതിക്ക് അംഗീകാരം നൽകിയത് എന്ന് മുൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി എച്ച്‌സി മഹാദേവപ്പയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം മാധ്യമങ്ങളോട് പറഞ്ഞു. 2022 ഓഗസ്റ്റിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതിക്ക്  3,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ നിർമ്മാണ കരാർ ബംഗളൂരു ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ ലിമിറ്റഡ് (ഡിബിഎൽ)കമ്പനിക്ക് നൽകിയതോടെ ചെലവ് 9,551 കോടി രൂപയായി ഉയർന്നതായും കോൺഗ്രസ് സംഘം ചൂണ്ടിക്കാട്ടി. എന്നാൽ പണി പൂർത്തിയാവുന്നതോടെ ചെലവ്  12,000 കോടി രൂപയിൽ എത്തുമെന്നും  നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നതായി കോൺഗ്രസ് സംഘം കൂട്ടിച്ചേർത്തു.

118 കിലോമീറ്ററിൽ 22 കിലോമീറ്ററിന്റെ പണികൾ ബാക്കിയുള്ളതിനാൽ തിടുക്കപ്പെട്ടുള്ള ഉദ്ഘാടനത്തെ എതിർക്കുകയാണെന്നും എച്ച്‌സി മഹാദേവപ്പ പറഞ്ഞു. പണി പൂർത്തിയാകാൻ കുറഞ്ഞത് ഇനി എട്ട് മാസമെടുക്കും. മതിയായ അടിപ്പാതകൾ, എലിവേറ്റഡ് റോഡുകൾ, സർവീസ് റോഡുകൾ എന്നിവ ഇനിയും പൂർത്തിയാക്കാനുണ്ട്. വഴിയിൽ പ്രധാന നഗരങ്ങളിലേക്ക് പ്രവേശന, എക്സിറ്റ് പോയിന്റുകളൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുന്നതിന്റെ മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാർ കർണാടകയിൽ ക്യാമ്പ് ചെയ്യുന്നതിനിടയിലാണ് ബിജെപി പാത അതിവേഗം ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പണിതീരാതെ ഉദ്ഘാടനം നടത്തുന്നത്  പദ്ധതിയുടെ പിതൃത്വം തങ്ങളുടേതാണെന്ന് അവകാശപ്പെടാനുള്ള ബിജെപിയുടെ നീക്കത്തിൻ്റെ ഭാഗമാണെന്നും കോൺഗ്രസ് ആരോപിച്ചു. ഇത് വഴി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാം എന്നാണ് കണക്കുകൂട്ടൽ എന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News