ബ്രഹ്മപുരം തീപിടിത്തം, ദൗത്യം അന്തിമ ഘട്ടത്തിലേക്കെന്ന് കളക്ടര്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. 90 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശത്തെ പുക പൂര്‍ണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു.

മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി മണ്ണുമാന്തികള്‍ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികള്‍ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോള്‍ അവസാന ഘട്ടത്തിലാണെന്ന് കളക്ടര്‍ അറിയിച്ചു.

രാപ്പകല്‍ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തില്‍ ഇന്ന് 170 അഗ്‌നിശമന സേനാംഗങ്ങളും 32 എക്സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാരും 11 നേവി ഉദ്യോഗസ്ഥരും സിയാലിലെ നാലു പേരും, ബി.പി.സി.എല്ലിലെ ആറു പേരും, 71 സിവില്‍ ഡിഫന്‍സ് അംഗങ്ങളും, 30 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാര്‍ഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയര്‍ യൂണിറ്റുകളും, 32 ജെസിബികളും മൂന്ന് ഹൈ പ്രഷര്‍ പമ്പുകളുമാണ് നിലവില്‍ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നതെന്നും കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News