ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗായിക ശ്രേയ ഘോഷാലിന് ഇന്ന് പിറന്നാള്‍. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ 1984 മാര്‍ച്ച് 12 ന് ബിശ്വജിത് ഘോഷാലിന്റെയും ഷര്‍മിഷ്ഠ ഘോഷാലിന്റെയും മകളായി ജനിച്ച ശ്രേയ കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു.
4 വയസു മുതല്‍ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാല്‍ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയാണ്. 16-ാം വയസില്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബന്‍സാലിയുടെ ശ്രദ്ധയില്‍ പെടുന്നത്.
‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. ആ വര്‍ഷത്തെ ദേശീയ അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡുകളും ആര്‍ ഡി ബര്‍മ്മന്‍ അവാര്‍ഡുകളുമൊക്കെ ശ്രേയയെ തേടിയെത്തി. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംഗീത പ്രതിഭയായി മാറിയ ശ്രേയയുടെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു.
മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ….’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ വളരെപ്പെട്ടെന്നാണ് മലയാളി മനസുകളിലും ഇടം നേടിയത്. തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ ഏവര്‍ക്കും അത്ഭുതമാണ്. മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം.
ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ശ്രേയയെ തേടിയെത്തിയ അംഗീകാരങ്ങളും നിരവധിയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് 4 തവണയാണ് ഗായിക സ്വന്തമാക്കിയത്. സംഗീതാസ്വാദകരുടെ മനസില്‍ പതിയുന്ന, അവരെന്നെന്നും മൂളാനാഗ്രഹിക്കുന്ന ഒരുപാട് ഗാനങ്ങള്‍ പാടാന്‍ ഇനിയും ഈ അതുല്യ പ്രതിഭയ്ക്ക് കഴിയട്ടെ. പ്രിയ ഗായികയ്ക്ക് പിറന്നാള്‍ ആശംസകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here