ഓസ്‌കാര്‍ പുരസ്‌കാരം കിട്ടിയില്ലെങ്കിലും നോമിനേറ്റ് ചെയ്തപ്പെട്ടവരെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങള്‍

ഏറ്റവും ശ്രദ്ധേയമായ അവാര്‍ഡുകളില്‍ ഒന്നാണ് ഓസ്‌കാര്‍ അവാര്‍ഡുകള്‍. സ്വര്‍ണ്ണശില്പമാണ് ഓസ്‌കാര്‍ വേദികളില്‍ ജേതാക്കള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ പുരസ്‌കാരം കിട്ടിയില്ലെങ്കിലും അവാര്‍ഡിനായി നോമിനേറ്റ് ചെയ്തപ്പെട്ടവരെ കാത്തിരിക്കുന്നത് 1.03 കോടി രൂപയുടെ സമ്മാനങ്ങളാണ്.

മികച്ച സംവിധായകന്‍, നടന്‍, നടി, സഹനടന്‍, സഹനടി എന്നീ വിഭാഗങ്ങളിലെ നോമിനികളെയാണ് സമ്മാനമഴ കാത്തിരിക്കുന്നത്. 2020ല്‍ ഒന്നരക്കോടിയിലേറെ രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഓസ്‌കര്‍ നേടാതെയും ഈ വിഭാഗങ്ങളിലെ നോമിനികള്‍ക്ക് ലഭിച്ചത്. ഒപ്പം ഓസ്‌കര്‍ ഷോയുടെ 28 അവതാരകര്‍ക്കും സമ്മാനപ്പെട്ടി തുറക്കാം.

ലോസ് ഏയ്ഞ്ചലസിലെ ഡിസ്റ്റിങ്റ്റിവ് അസറ്റ്‌സ് എന്ന മാര്‍ക്കറ്റിങ് കമ്പനിയാണ് 2002 മുതല്‍ നോമിനേറ്റ് ചെയ്യപ്പെടുന്നവര്‍ക്ക് വന്‍ സമ്മാനങ്ങള്‍ നല്‍കുന്നത്. സമ്മാനപ്പൊതിയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളെച്ചൊല്ലിയുള്ള വിവാദങ്ങളെത്തുടര്‍ന്ന് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് പരിപൂര്‍ണമായി പിന്മാറി. ഇപ്പോള്‍ സമ്മാനം നല്‍കുന്ന കമ്പനികളില്‍ നിന്ന് 4000 ഡോളര്‍ വീതം റജിസ്‌ട്രേഷന്‍ ഫീയും ഈടാക്കുന്നുണ്ട്.

സൗന്ദര്യവര്‍ധകവസ്തുക്കള്‍, ലൈഫ് സ്റ്റൈല്‍ ഉല്‍പന്നങ്ങള്‍, കാനഡയിലെ ലൈഫ് സ്റ്റൈല്‍ എന്ന അള്‍ട്രാ ലക്ഷ്വറി എസ്റ്റേറ്റിലേക്ക് 33 ലക്ഷം രൂപ ചെലവ് വരുന്ന വിനോദയാത്ര, എട്ടുപേര്‍ക്ക് ഇറ്റാലിയന്‍ ലൈറ്റ് ഹൌസില്‍ താമസം. സുവനീറായി ഓസ്ട്രേിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ ഭൂമി എന്നിവയൊക്കെ ഇത്തവണത്തെ സമ്മാനപ്പട്ടികയിലുണ്ട്. ഇതുമാത്രമല്ല, വീട് മോടിപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25000 ഡോളര്‍ പ്രോജക്ട് മാനേജ്മെന്റ് ഫീസ് ആയി ലഭിക്കും. ഹെയര്‍ റിസ്റ്റൊറേഷന്‍, ഫെയ്സ് ലിഫ്റ്റ് തുടങ്ങിയ ചെലവേറിയ സൌന്ദര്യവര്‍ധക സേവനങ്ങളും ഗിഫ്റ്റ് പാക്കേജില്‍ ഉണ്ട്. ഇതിന് പുറമേ പട്ട് പില്ലോ കവര്‍ മുതല്‍ എനര്‍ജി കാര്‍ഡ് വരെ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങളും ഉണ്ടാകും. 1200 രൂപ വില വരുന്ന സ്നാക് ബാറുകളും 1400 രൂപ വിലവരുന്ന മില്‍ക്ക് ബ്രെഡുമാണ് ഏറ്റവും വില കുറഞ്ഞ സമ്മാനങ്ങള്‍.

5 പ്രൈം കാറ്റഗറികളിലായി 25 പേര്‍ക്കാണ് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കും ഓസ്‌കര്‍ ഷോ അവതരിപ്പിക്കുന്നവര്‍ക്കും കൂടി സമ്മാനപ്പൊതികള്‍ നല്‍കാന്‍ വന്‍തുക തന്നെ വേണ്ടിവരും. തൊണ്ണൂറുകളിലാണ് ഓസ്‌കര്‍ നോമിനികള്‍ക്കും അവതാരകര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്ന പതിവ് തുടങ്ങിയത്. വിലയേറിയ സമ്മാനങ്ങള്‍ ഓസ്‌കറിന്റെ തന്നെ പ്രധാന ചര്‍ച്ചകളിലൊന്നാവുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News