മട്ടാഞ്ചേരിയിലെ കമ്യൂണിസ്റ്റുകളെ മറക്കാത്ത ‘തുറമുഖം’

ജി.ആര്‍ വെങ്കിടേശ്വരന്‍

‘കാട്ടാളന്മാര്‍ നാട് ഭരിച്ച്
നാട്ടില്‍ തീമഴ പെയ്തപ്പോള്‍
പട്ടാളത്തെ പുല്ലായി കരുതിയ
മട്ടാഞ്ചേരി മറക്കാമോ’

സിനിമയുടെ ഏറ്റവും അവസാനം, മട്ടാഞ്ചേരിയെ ഛായാചിത്രങ്ങളിലൂടെ വരച്ചുകാണിക്കുമ്പോള്‍ പി. ജെ ആന്റണി എഴുതിയ ഈ ഗാനശകലം മുഴങ്ങിക്കേള്‍ക്കും. ചരിത്രഗ്രാഹ്യമുള്ളവര്‍ പോലും അതൊരു പാട്ടാണെന്ന് അംഗീകരിക്കാന്‍ പലപ്പോഴും മടിക്കാറുണ്ട്. കാരണം ചരിത്രം ആ ഗാനത്തെ മാറ്റിയെടുത്തത് മുദ്രാവാക്യമായാണ്. മറന്നുപോയ ആ ചരിത്രത്തെ ഓര്‍മിപ്പിക്കാനെന്നവണ്ണം രാജീവ് രവിയുടെ തുറമുഖത്തില്‍ ആ ‘മുദ്രാവാക്യം’ പതിവില്‍ കൂടുതല്‍ മുഴങ്ങിയാണ് കേള്‍ക്കുക.

ദൗത്യം നിര്‍വഹിച്ച സിനിമ

കല എന്നും ഒരു ദൗത്യത്തെ പ്രതിനിധീകരിക്കുന്നതാണ്. അവ സാമൂഹികമാകാം, രാഷ്ട്രീയമാകാം, അങ്ങനെ പലതുമാകാം. തുറമുഖം മേല്‍പ്പറഞ്ഞ രണ്ടിനെയും പ്രതിനിധാനം ചെയ്യുന്നതാണ്. നമ്മുടെ ചരിത്രത്തില്‍ അത്രകണ്ട് കേട്ടുകേള്‍വി അവകാശപ്പെടാനില്ലാതിരുന്ന മട്ടാഞ്ചേരിയിലെ ഐതിഹാസികമായ തൊഴിലാളിസമരത്തെ ഈ തലമുറയ്ക്ക് മുന്‍പില്‍ പകര്‍ത്തിവെക്കുകയാണ് രാജീവ് രവി. കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗ സമരങ്ങള്‍ പ്രതിധ്വനിപ്പിച്ച തൊഴിലാളിബോധത്തെയും ഐക്യത്തെയും ഊട്ടിയുറപ്പിച്ചതായിരുന്നു മട്ടാഞ്ചേരി സമരവും. അതിന്റെ തീക്ഷണത തുറമുഖത്തില്‍ എല്ലാ രീതിയിലും പ്രകടമാണ്.

1953 സെപ്റ്റംബര്‍ 15നാണ് മട്ടാഞ്ചേരിയില്‍ വെടിവെപ്പുണ്ടായത്. അഭിമാനത്തോടെ തൊഴില്‍ ചെയ്ത് ജീവിക്കാനും, ന്യായമായ കൂലിക്ക് വേണ്ടിയും സമരം ചെയ്ത തൊഴിലാളികളെ പൊലീസ് വെടിവച്ചിട്ടു. അന്നത്തെ പാവപ്പെട്ട തൊഴിലാളികളില്‍ പലരും മലബാറില്‍ നിന്നും മറ്റും കുടിയേറിയവരാണ്. തല്ല് കൂടി സ്വന്തമാക്കുന്ന, എറിഞ്ഞുകിട്ടുന്ന, ചാപ്പ എന്ന ഭാഗ്യം അന്ന് എല്ലാ തൊഴിലാളികള്‍ക്കും ലഭിച്ചിരുന്നില്ല. ‘കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുന്ന’ ഈ ചാപ്പ സമ്പ്രദായത്തിനെതിരായാണ് ആദ്യം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. അവ പിന്നീട് മാന്യമായ തൊഴില്‍ അവകാശമെന്ന സമരാവശ്യത്തിലേക്ക് എത്തിച്ചേര്‍ന്നു, പതിയെ പടര്‍ന്ന് പന്തലിച്ച് നൂറ് കണക്കിന് തൊഴിലാളികളുടെ വിശപ്പിന്റെ വിഷയമായി.

ചരിത്രത്തിന്റെ അതേ പകര്‍പ്പല്ല തുറമുഖം സിനിമ. പ്രതിപാദ്യവിഷയത്തില്‍ ഊന്നിനിന്നുകൊണ്ട് മറ്റ് കഥാപരിസരങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സമരചരിത്രത്തില്‍ പ്രധാനിമാരായിരുന്ന ടി.എം അബുവും സാന്റോ ഗോപാലനുമൊക്കെ വല്ലപ്പോഴുമേ പ്രത്യക്ഷപ്പെടുന്നുള്ളു. സമരനേതാക്കളുടെ ഒരു പേര്‍സ്പെക്ടീവില്‍ നിന്നല്ലാതെ തൊഴിലാളികളുടെ കഥയിലൂടെയും ജീവിതങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളുടെ ഡീറ്റയിലിങ്ങില്‍ രാജീവ് രവി നല്ല ശ്രദ്ധ കൊടുക്കുന്നു.

എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന ഡീറ്റയ്ലിങ്ങില്‍ പലപ്പോഴും മട്ടാഞ്ചേരിയിലെ തൊഴിലാളിചരിത്രം വെറും പശ്ചാത്തലമായി മാത്രം മാറുന്നുണ്ടോ എന്ന സംശയവും സ്വാഭാവികമായി ഉണ്ടാകും. ആദ്യപകുതി ഏതാണ്ട് ഈ ഡീറ്റയിലിങ്ങിന് വേണ്ടി രാജീവ് രവി ചിലവഴിച്ചിരുക്കുന്നു. സ്റ്റീവ്ഡോര്‍സിന്റെ മര്‍ദ്ദനമേറ്റുവാങ്ങുന്ന, പ്രതികരിക്കുന്നതും പ്രതികരിക്കാത്തതുമായ തൊഴിലാളികളെയും, യൂണിയന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പുകളെയും കാണിച്ച ശേഷം, ചരിത്രസംഭവങ്ങളുടെ അധികാരികതയിലൂടെ സിനിമ രണ്ടാം പകുതിയിലേക്ക് കടക്കുന്നു. അപ്പോള്‍ കഥാപാത്രങ്ങള്‍ പ്രകടിപ്പിക്കുന്ന വൈകാരികതയില്‍ രാജീവ് രവി നല്‍കിയ ഡീറ്റയിലിങ്ങിന്റെ പ്രാധാന്യം നമുക്ക് മനസിലാകും.

ജോജുവിന്റെയും പൂര്‍ണിമയുടെയും സിനിമ

തുടക്കം മുതല്‍ക്കേ നിവിന്‍ പോളിയുടെ സിനിമയെന്ന രീതിയിലാണ് തുറമുഖം മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ സിനിമയിലെ പ്രകടനങ്ങളുടെ അളവുകോലുകളെടുത്താല്‍ വളരെ കുറച്ച് നേരം മാത്രമുള്ള ജോജു ജോര്‍ജും, അമ്മവേഷം അവതരിപ്പിക്കുന്ന പൂര്‍ണിമ ഇന്ദ്രജിത്തും എല്ലാവരെയും കടത്തിവെട്ടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജോജു ജോര്‍ജിന്റെ, സിനിമയിലുടനീളമുള്ള ബോഡി ലാംഗ്വേജ് എടുത്തുപറയേണ്ടതാണ്. ദേഷ്യം വരുമ്പോഴും നിസ്സഹായനാകുമ്പോഴുമുള്ള, കഥാപാത്രത്തിന്റെ രണ്ട് ഷെയ്ഡുകളെയും വളരെ മനോഹരമായാണ് ജോജു അവതരിപ്പിക്കുന്നത്. ആ കഥാപാത്രനിര്‍മ്മിതി, വളരെ തുടക്കത്തില്‍ സിനിമക്ക് നല്‍കിയ ബൂസ്റ്റിംഗ് ഒട്ടും ചെറുതല്ല.

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രകടനവും മികച്ചു നില്‍ക്കുന്നതാണ്. ഓരോ സീനിലും സ്വയം മെച്ചപ്പെടുന്ന അഭിനയ മുഹൂര്‍ത്തങ്ങളായിരുന്നു അവരുടേത്. ഒരൊറ്റ മീറ്ററില്‍ പോകാതെ മുകളിലേക്ക് മാത്രം പോകുന്ന പ്രകടനം. ആ പ്രകടനം പാരതമ്യത്തിലെത്തിനില്‍ക്കുക ക്ലൈമാക്സിലാണ്.

മറ്റ് അഭിനേതാക്കള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല എന്ന് ഇത് കൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല. നിവിന്‍ പോളിയും അര്‍ജുന്‍ അശോകനും തമ്മിലുള്ള ഒരു ആല്‍ഫ- ബീറ്റ മെയില്‍ പോരാട്ടങ്ങളെക്കാള്‍ താഴെയല്ല ആ പ്രകടനം, വേണമെങ്കില്‍ ഒരുപടി മുകളിലാണെന്നും പറയാം. നിവിന്‍ പോളിക്ക് ഒരിക്കലും ഒറ്റയ്ക്ക് ലിഫ്റ്റ് ചെയ്യാന്‍ സാധിക്കാത്ത സിനിമയായിരുന്നു തുറമുഖം. അവിടങ്ങളില്‍ ജോജുവും പൂര്‍ണ്ണിമ ഇന്ദ്രജിത്തും ആ ജോലി ഭംഗിയായി നിര്‍വഹിച്ചുവെന്ന് മാത്രം.

രാജീവ് രവി ഒട്ടും സന്ധിചെയ്യാത്ത മറ്റൊരു മേഖല ടെക്നിക്കല്‍ മേഖലയാണ്. രാജീവ് രവിയുടെതന്നെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. ബാക്ക് സ്റ്റോറി കാലഘട്ടം പറയുമ്പോളുള്ള വൈഡ് ഷോട്ടുകളും കളറിങ്ങുകളുമെല്ലാം അതിഗംഭീരമാണ്. സംഭവങ്ങളുടെ ബാക്ക്ഗ്രൗണ്ടുകളെ മാത്രം ആശ്രയിച്ചുപോരുന്ന പശ്ചാത്തലസംഗീതവും എടുത്തുപറയേണ്ടതാണ്.

ചരിത്രത്തിലേക്കു തുറക്കുന്ന വാതില്‍

മട്ടാഞ്ചേരിയില്‍ ഇപ്പോഴും ചക്കരമുക്കുണ്ട്. റോഡിന് നടുവില്‍ ‘1955 സെപ്റ്റംബര്‍ 15 ധീരരക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍’ എഴുതിവെച്ച സ്മാരകമുണ്ട്. സാന്റോ ഗോപാലന്‍ സ്മാരക വായനശാലയുണ്ട്, ഈ കരാര്‍ ചതിയാണെന്ന് തൊഴിലാളികളോട് വിളിച്ചുപറഞ്ഞ ടി.എം അബുവിന്റെ പേരില്‍ റോഡുണ്ട്. പക്ഷെ പ്രശ്‌നം അതല്ല, എത്ര പേര്‍ക്ക് ഈ ചരിത്രം ഓര്‍മയുണ്ട് എന്നതാണ്. അവിടെയാണ് തുറമുഖം അതിന്റെ രാഷ്ട്രീയപരമായ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. ന്യൂ ഇയര്‍ ആഘോഷത്തിനും പാപ്പാഞ്ഞിക്കും ബീച്ചിനുമെല്ലാം പുറമെ മട്ടാഞ്ചേരിക്ക് മറ്റൊരു മുഖവും ചരിത്രവുമുണ്ട് എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്ന സിനിമയാണ് തുറമുഖം. മട്ടാഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ ഇപ്പോഴും പറയുന്ന വാചകം പാവപ്പെട്ട തൊഴിലാളികളായ ഞങ്ങള്‍ക്ക് ചോരയും നീരും തന്ന പ്രസ്ഥാനമാണ് പാര്‍ട്ടി എന്നതാണ്. അവരുടെ ആ രാഷ്ട്രീയബോധ്യം കൂടിയാണ് തുറമുഖം എന്ന സിനിമയുടെ അന്തഃസത്ത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News