കരുത്തരായ മുംബൈ എഫ്‌സിയെ സഡന്‍ ഡെത്തില്‍ വീഴ്ത്തി ഐഎസ്എല്‍ ഒന്‍പതാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ബംഗളൂരു എഫ്‌സി. അവസാന നിമിഷംവരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടി. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡത്തിലേക്ക് നീണ്ടു. ഒടുവില്‍ ഷൂട്ടൗട്ടില്‍ 9-8നാണ് വിജയിച്ചാണ് ബംഗളൂരുവിന്റെ ഫൈനല്‍ പ്രവേശം.
രണ്ടാം പാദ സെമിയുടെ നിശ്ചിത സമയത്ത് അഗ്രിഗേറ്റ് സ്‌കോറില്‍ ഇരു ടീമുകളും 2-2 സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിലും സമനില പൂട്ട് തകര്‍ക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. എന്നാല്‍ അവിടെയും ഇരു ടീമുകളും വിട്ടുകൊടുക്കാതെ 5-5 ന് സമനില പാലിച്ചതോടെയാണ് സഡന്‍ ഡെത്ത് വിജയികളെ നിര്‍ണ്ണയിച്ചത്. സഡന്‍ ഡെത്തില്‍ മുംബൈയുടെ മെഹ്താബ് സിംഗിന്റെ കിക്ക് ഗോളി ഗുര്‍പ്രീത് തടഞ്ഞിട്ടപ്പോള്‍ സന്ദേശ് ജിങ്കന്‍ കിക്ക് പാഴാക്കാതെ ബംഗളൂരുവിനെ ഫൈനലില്‍ എത്തിച്ചു.
ഹാവി ഹെര്‍ണാണ്ടസാണ് ബംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ബിപിന്‍ സിംഗും മെഹ്താബ് സിംഗും നിശ്ചിത സമയത്ത് മുംബൈക്കായി തിരിച്ചടിച്ചു. ആദ്യ പാദ സെമിയില്‍ 1-0ന് ബംഗലൂരു വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്രഗേറ്റ് സ്‌കോര്‍ 2-2 ആയി.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട്, പെരേര ഡയസ്, ചാംഗ്‌തേ,അഹമ്മദ് ജാഹൂ, രാഹുല്‍ ഭേക്കേ എന്നിവര്‍ മുംബൈക്കായി വല കുലുക്കി. ഹാവി ഹെര്‍ണാണ്ടസ്, റോയ് കൃഷ്ണ,അലന്‍ കോസ്റ്റ, സുനില്‍ ഛേത്രി, പാബ്ലോ എന്നിവര്‍ കിക്ക് പാഴാക്കാതെ ബംഗളൂരുവിനായി തിരിച്ചടിച്ചതോടെ ഷൂട്ടൗട്ടും 5-5 ന് സമനിലയിലായി.
സഡന്‍ ഡത്തില്‍ വിക്രം പ്രതാപ് സിംഗ് മുംബൈക്കായും പ്രഭീര്‍ ദാസ് ബംഗളൂരുവിനായി വല കുലുക്കിയപ്പോള്‍ സ്‌കോര്‍ 6-6. മുംബൈക്കായി മൊര്‍ത്താദായും ബംഗളൂരുവിനായി രോഹിത് കുമാറും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 7-7. വീണ്ടും മുംബൈക്കായി വിനീത് റായും ബംഗളൂരുവിനായി സുരേഷ് വാംഗ്ജവും ഗോള്‍ നേടിയതോടെ മത്സരം 8-8 ന് ആവേശക്കൊടുമുടിയിലായി. മുംബൈക്കായി ഒമ്പതാം കിക്ക് എടുത്ത മെഹാതിബിന്റെ കിക്ക് ബംഗളൂരു ഗോളി ഗുര്‍പ്രീത് തടഞ്ഞു. പിന്നാലെ സന്ദേശ് ജിങ്കന്‍ ലക്ഷ്യം കണ്ടതോടെ 8-9 ന് വിജയിച്ച് ബംഗളൂരു ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here