പാര്‍ലമെന്റി സമ്മേളനത്തിന്റെ ബജറ്റ് സെഷന്റെ രണ്ടാം പാദത്തിന് ഇന്ന് തുടക്കം. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ബജറ്റ് സെഷന്‍ ഏപ്രില്‍ 6 വരെ നീളും. രണ്ടാംപാദത്തില്‍ 17 സിറ്റിംഗുകള്‍ ഉണ്ടാകും. സമ്മേളനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനായി രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയിലെ എല്ലാ കക്ഷിനേതാക്കളുടെയും യോഗം ഇന്നലെ വിളിച്ചിരുന്നു.
പാര്‍ലമെന്റ് സമ്മേളനം പുനരാരംഭിക്കുമ്പോള്‍ ഇരുസഭകളിലും പ്രതിപക്ഷത്തിന്റെ ഐക്യം കൂടുതല്‍ ശക്തിപ്പെടുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ജനുവരി അവസാനം ആരംഭിച്ച ആദ്യപാദത്തില്‍ ബിബിസി ഡോക്യുമെന്ററിയും അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമാണ് പ്രതിപക്ഷം സഭയില്‍ ആയുധമാക്കിയത്. തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയില്‍ അരങ്ങേറിയ അക്രമങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതുമായിരിക്കും കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം രണ്ടാം പാദത്തില്‍ ഇരുസഭകളിലും ആയൂധമാക്കുക.
തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ക്കെതിരെ സഭയില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഐഎം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ത്രിപുര സന്ദര്‍ശിച്ച പ്രതിപക്ഷ എംപിമാരുടെ സംഘത്തെയും ബിജെപിക്കാര്‍ അക്രമിച്ചിരുന്നു. അതിനാല്‍ തന്നെ ത്രിപുരയില്‍ നീതിയും നിയമവാഴ്ചയും തകര്‍ന്നത് ചൂണ്ടിക്കാട്ടി ഇടതുപക്ഷവും കോണ്‍ഗ്രസും ഇരുസഭകളിലും രംഗത്ത് വരുമെന്ന് ഉറപ്പാണ്. പ്രതിപക്ഷം ഒന്നടങ്കം ഈ നീക്കത്തെ പിന്തുണച്ചാല്‍ സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന വിഷയത്തിലാവും ഇത്തവണ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുക എന്ന് വ്യക്തമാണ്. ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ സിബിഐയും പിന്നാലെ ഇഡിയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസും ജെഡിയുവും ഒഴികെയുള്ള പ്രതിപക്ഷം പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ബിആര്‍എസ് നേതാവും തെലങ്കാനമുഖ്യമന്ത്രിയുമായ ചന്ദ്രശേഖരറാവുവിന്റെ മകള്‍ കവിതയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. അടുത്തയാഴ്ച കവിതയോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആര്‍ജെഡി നേതാവ് ലല്ലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ ജോലിക്ക് പകരം ഭൂമി അഴിമതിയില്‍ നീക്കം കടുപ്പിച്ചിരിക്കുകയാണ് സിബിഐ. ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സിബിഐ ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ഇന്ന് വീണ്ടും പുന:രാരംഭിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതില്‍ ഇരുസഭകളിലും പ്രതിപക്ഷം ആഞ്ഞടിക്കുമെന്ന് തന്നെയാണ് സൂചനകള്‍. നേരത്തെ മനീഷ് സിസോദിയയുടെ അറസ്റ്റില്‍ കാര്യമായ പ്രതികരണം നടത്താതിരുന്ന കോണ്‍ഗ്രസ് പക്ഷെ ആര്‍ജെഡിക്കെതിരായ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ മൗനം തുടര്‍ന്നേക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. യുപിഎ സഖ്യകക്ഷി കൂടിയാണ് ആര്‍ജെഡി.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേടിയ തിരഞ്ഞെടുപ്പ് വിജയം ഉയര്‍ത്തിക്കാണിച്ചാവും ബിജെപി പ്രതിപക്ഷ നീക്കത്തെ പ്രതിരോധിക്കുക. കര്‍ണ്ണാടക അടക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനുള്ള നീക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ നടത്തിയേക്കാം.
2023 ജനുവരി 31നായിരുന്നു ബജറ്റ് സമ്മേളനം ആരംഭിച്ചത്. ഫെബ്രുവരി 13വരെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദം നീണ്ടു. ഇക്കാലയളവില്‍ 10 സിറ്റിംഗുകളാണ് നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here