2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വിജയിക്കുമെന്ന അവകാശവാദവുമായി നടന്‍ സുരേഷ് ഗോപി. തൃശ്ശൂരില്‍ മത്സരിക്കാനായില്ലെങ്കില്‍ കണ്ണൂരില്‍ മത്സരിക്കാനും താല്‍പ്പര്യമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞുവച്ചു കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സാക്ഷി നിര്‍ത്തിയായിരുന്നു സുരേഷ് ഗോപി തന്റെ ആഗ്രഹം പരസ്യമാക്കിയത്.
സുരേഷ് ഗോപിയുടെ ഈ അവകാശവാദം കയ്യടി നേടാനോ ബിജെപി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാനോ വേണ്ടിയുള്ള പതിവ് സിനിമാ ഡയലോഗായിരുന്നില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അമിത് ഷാ പങ്കെടുത്ത വേദിയില്‍ വച്ച്തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്പര്യം സുരേഷ് ഗോപി വെളിപ്പെടുത്തിയത്. സുരേഷ് ഗോപി ഒരു മുഴം നീട്ടിയെറിഞ്ഞു എന്ന് തന്നെയാണ് ബിജെപിയിലെ ഒരുവിഭാഗത്തിന്റെ കണക്കുകൂട്ടല്‍. തൃശ്ശൂരില്‍ മത്സരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന എ.എന്‍.രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ സാധ്യതയെ ഇല്ലാതാക്കുക എന്ന ലക്ഷ്യവും സുരേഷ് ഗോപിക്കുണ്ടെന്നാണ് വിലയിരുത്തല്‍. ജയസാധ്യതയില്ലെങ്കിലും ബിജെപിയെ സംബന്ധിച്ച് വിഐപി മണ്ഡലമാണ് തൃശ്ശൂര്‍.
നിലവില്‍ തൃശൂരില്‍ മത്സരിക്കാനായി താല്‍പ്പര്യപ്പെട്ട് പ്രമുഖരായ പല സംസ്ഥാന നേതാക്കളും കരുക്കള്‍ നീക്കുന്നുണ്ട്. തൃശൂര്‍ കണ്ട് മറ്റാരും പനിക്കേണ്ട എന്ന സൂചനയാണ് താരം നല്‍കിയിരിക്കുന്നത്. ഇനി തന്നെ തൃശൂരില്‍ നിന്നും തന്നെ തഴഞ്ഞാലും വിജയ സാധ്യതയില്ലാത്ത സീറ്റാണെങ്കില്‍ പോലും മത്സരരംഗത്ത് നിന്ന് പിന്മാറില്ല എന്ന സൂചനയാണ് വേണ്ടിവന്നാല്‍ കണ്ണൂരും മത്സരിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
നിലവില്‍ കേരളത്തിലെ ഒരു ലോക്സഭാ സീറ്റില്‍ പോലും ബിജെപിക്ക് വിജയിക്കാനുള്ള സാധ്യതയില്ലായെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. കേന്ദ്രനേതാക്കളെ സാക്ഷി നിര്‍ത്തി തൃശ്ശൂരില്‍ തനിക്ക് സാധ്യതയുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചതെന്നും വിലയിരുത്തലുണ്ട്. തൃശ്ശൂരില്‍ ഒഴിവാക്കാനാവാത്ത ശക്തിയാണ് താനെന്നും പ്രവര്‍ത്തകരുടെ പിന്തുണ തനിക്കാണെന്നും കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായി സുരേഷ് ഗോപി അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന റാലി ഉപയോഗപ്പെടുത്തിയെന്ന മുറുമറുപ്പ് ബിജെപിയിലും ഉയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here