ഇപ്പോള്‍ ഒന്നിച്ചു പോകേണ്ട സമയം; കുറ്റപ്പെടുത്തല്‍ പിന്നീടാകാം എന്ന് പ്രതിപക്ഷത്തോട് മന്ത്രി എംബി രാജേഷ്

സീറോ വേസ്റ്റ് നഗരമായ കൊച്ചിയെ ഈ രീതിയില്‍ മാലിന്യമലയായി മാറ്റുന്നതില്‍ യുഡിഎഫിനുള്ള പങ്ക് ചെറുതല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഈ വസ്തുത പ്രതിപക്ഷം അംഗീകരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്ന ടിജെ വിനോദിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

മാലിന്യ കൂമ്പാരത്തിന് തീപിടിക്കുന്നത് ലോകത്താദ്യമാണ് എന്ന രീതിയിലാണ് ചിലര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ബ്രഹ്‌മപുരത്ത് തന്നെ പലതവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. ടി.ജെ. വിനോദ് ഡെപ്യൂട്ടി മേയറായിരുന്നപ്പോള്‍ തന്നെ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.

ബ്രഹ്‌മപുരത്ത് കരാര്‍ നല്‍കിയിരിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട നടക്കുന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണമാണ്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ മാലിന്യ സംസ്‌കരണം നടത്തുന്ന കമ്പനിയാണ് അത്. അതില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും, ഛത്തീസ്ഗഢിലും കമ്പനിക്ക് കരാര്‍ ഉണ്ടെന്നും മന്ത്രി രാജേഷ് പറഞ്ഞു. ഇപ്പോള്‍ കമ്പനിക്കെതിരെ നടക്കുന്ന പ്രചാരണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ സുതാര്യമായ രീതിയില്‍ തന്നെയാണ് കമ്പനിക്ക് ബഹ്‌മപുരത്തെ കരാര്‍ ലഭിച്ചിട്ടുള്ളത്. ഗെയില്‍ ഓഹരി പങ്കാളിയായ ഒരു കമ്പനിയാണിത്. അതിനെയാണ് കടലാസ് കമ്പനി എന്ന് ആക്ഷേപിക്കുന്നത്. ഇപ്പോള്‍ തീപിടുത്തത്തെ കുറിച്ച് ഒരു അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് ലഭിക്കട്ടെ. പരസ്പരം കുറ്റപ്പെടുത്തലിന്റെയും പഴിചാരലിന്റെയും ദിവസങ്ങള്‍ പിന്നീടാകാം. ഇപ്പോള്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ ഒന്നിച്ച് മുന്നോട്ടുപോകേണ്ട സമയമാണെന്നും മന്ത്രി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News