വടികൊടുത്ത് കൊടുത്ത് മുരളീധരന്‍, നേതൃത്വത്തിനെതിരെ അടി തുടങ്ങി ചെന്നിത്തല

സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് സുധാകരന്‍ വിരുദ്ധര്‍. സംസ്ഥാന നേതൃത്വത്തെ അടിക്കാനുള്ള വടിക്കായി കാത്തിരുന്ന രമേശ് ചെന്നിത്തലയും, എം.എം. ഹസനുമടക്കമുള്ള എ, ഐ ഗ്രൂപ്പ് നേതാക്കളാണ് മുരളീധരനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. കെപിസിസി നേതൃത്വം അച്ചടക്ക നോട്ടീസ് അയച്ചതിലെ അതൃപ്തി വ്യക്തമാക്കി ഇനി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുരളീധരന്‍ വീണ്ടും മത്സരിക്കണമെന്ന ആവശ്യവുമായാണ് രമേശ് ചെന്നിത്തല ഈ വിഷയത്തില്‍ നേതൃത്വത്തിനെതിരെ ഒളിയമ്പ് എയ്തിരിക്കുന്നത്.

മുരളീധരന്‍ ലോക്‌സഭയിലേക്കാണെങ്കിലും നിയമസഭയിലേക്കാണെങ്കിലും ഇനിയും മത്സരിക്കണം. എഐസിസി അംഗങ്ങളില്‍ നിന്ന് കെപിസിസി വിശദീകരണം തേടാറില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി നേതൃത്വം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നീങ്ങുന്നതെന്ന് കൂടിയാണ് ചെന്നിത്തല പറയാതെ പറഞ്ഞിരിക്കുന്നത്. ഒന്നിച്ച് പോകേണ്ട സമയമാണിത് എന്നും ചെന്നിത്തല കെപിസിസിയെ ഓര്‍മ്മിപ്പിച്ചു.

മുരളിനെതിരെ നോട്ടീസ് നല്‍കിയ നടപടി മാനദണ്ഡം പാലിച്ചല്ലെന്ന ആക്ഷേപവുമായി മുന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസനും രംഗത്ത് വന്നിട്ടുണ്ട്. താന്‍ പ്രസിഡന്റ് ആയിരിക്കെ മുരളീധരന്‍ വിരുദ്ധ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്ന് നേരിട്ടു വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരുത്തുകയായിരുന്നു. അതായിരുന്നു ചെയ്യേണ്ടിയിരുന്നത്. അല്ലാതെ പരസ്യ പ്രതികരണം നടത്താന്‍ നേതൃത്വം അവസരം ഒരുക്കുകയല്ലായിരുന്നു വേണ്ടിയിരുന്നതെന്നും ഹസന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന നേതൃത്വത്തിനെതിരെ എംപിമാരായ കെ മുരളീധരനും എംകെ രാഘവനും വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവര്‍ക്കും കെപിസിസി നോട്ടീസ് നല്‍കിയത്. എന്നാല്‍ കെപിസിസി നടപടിക്കെതിരെ കൂടുതല്‍ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഇരുവര്‍ക്കുമെതിരെയുള്ള നടപടി അനുചിതമാണെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ പൊതു അഭിപ്രായം. മുരളീധരനും രാഘവനും പറയാനുള്ളത് പോലും കേള്‍ക്കാതെയാണ് നടപടി എന്നാണ് കെപിസിസി തള്ളി നേതാക്കള്‍ പ്രതികരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News