മരപ്പണിക്കാരല്ല, ലോകമറിയുന്ന പാട്ടുകാരാണ് ആ കാര്‍പെന്റര്‍മാര്‍

കാര്‍പെന്റര്‍മാര്‍ അത്ര ചില്ലറക്കാരൊന്നുമല്ല. ഒരുകാലത്ത് അമേരിക്കന്‍ ജനതയെ ഹരം കൊള്ളിച്ച കിടിലന്‍ സംഗീത ബാന്‍ഡാണ് കാര്‍പെന്റേഴ്‌സ്. രണ്ടംഗങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച, അമേരിക്കയെ ത്രസിപ്പിച്ച ഒരു സംഗീത ബാന്‍ഡ്. കാരന്‍ കാര്‍പെന്റര്‍, റിച്ചാര്‍ഡ് കാര്‍പെന്റര്‍ എന്ന സഹോദരങ്ങള്‍ തുടങ്ങിയതാണ് കാര്‍പെന്റേഴ്‌സ്. ഈ കാര്‍പെന്റേഴ്‌സില്‍ നിന്നും പ്രചോദിതനായി എന്നാണ് കീരവാണി ഓസ്‌കാര്‍ വേദിയില്‍ പറഞ്ഞത്.

വളരെ ചെറുപ്പത്തിലേ സംഗീതലോകത്തേക്ക് ഇറങ്ങിയവരായിരുന്നു കാര്‍പെന്റേഴ്‌സ്. ബാന്‍ഡ് സജീവമായിരുന്ന ഒരുവ്യാഴവട്ടത്തിലേറെക്കാലം കൊണ്ട് നിരവധി ഹിറ്റുകളാണ് ഇവര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കാരനും റിച്ചാര്‍ഡും കൂടി ആദ്യമായി ഒരുമിച്ച് പാടുന്നത് 1965ലാണ്. പിന്നീട് 1966ല്‍ ഇരുവരും ‘ബാറ്റില്‍ ഓഫ് ദി ബാന്‍ഡ്സ്’ എന്ന പ്രോഗ്രാമില്‍ വിജയിക്കുന്നതോടെ പ്രശസ്തരാകുകയാണ്.

1969ലാണ് കാര്‍പെന്റെര്‍സ് അവരുടെ ആദ്യത്തെ ആല്‍ബം പുറത്തിറക്കിക്കുന്നത്. ‘ഓഫറിങ്‌സ്’ എന്ന പേരില്‍ പുറത്തിറങ്ങിയ ആ ആല്‍ബം പക്ഷെ വേണ്ടത്ര ശ്രദ്ധ നേടിയില്ല. എന്നാല്‍ 1970ല്‍ ഇറങ്ങിയ ‘ക്ലോസ് ടു യൂ’, ‘വീ ഹാവ് ഒണ്‍ലി ജസ്റ്റ് ബിഗാന്‍’ തുടങ്ങിയ ഗാനങ്ങള്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടുകയും കാര്‍പെന്റര്‍സിനെ ഗ്രാമി അവാര്‍ഡിന് അര്‍ഹരാക്കുകയും ചെയ്തു.

അറുപതുകളിലും എഴുപതുകളിലും കാര്‍പെന്റേഴ്‌സിന്റെ പാട്ടുകള്‍ പാടിനടക്കാത്ത അമേരിക്കന്‍ യുവത്വം വളരെ കുറവായിരുന്നു. 1973ല്‍ വൈറ്റ് ഹൗസിലെ അവരുടെ പരിപാടിക്കിടെ അന്നത്തെ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ കാര്‍പെന്റേഴ്‌സിനെ വിശേഷിപ്പിച്ചത് ‘യങ് അമേരിക്ക അറ്റ് ഇറ്റ്‌സ് ബെസ്റ്റ്’ എന്നായിരുന്നു. ആ വിശേഷണം കാര്‍പെന്റേഴ്‌സിനെ അജയ്യരായ ബാന്‍ഡ് ആയി അമേരിക്കയില്‍ പ്രതിഷ്ഠിച്ചു. എഴുപതുകളില്‍ മാത്രം ‘റെയ്‌നി ഡേയ്‌സ് ആന്‍ഡ് മണ്ടേയ്‌സ്’, ‘സൂപ്പര്‍സ്റ്റാര്‍’, ‘ഫോര്‍ ഓള്‍ വീ നോ’ തുടങ്ങിയ അനവധി ഹിറ്റ് ആല്‍ബങ്ങള്‍.

എന്നാല്‍ എഴുപതുകളിലെ പ്രോഗ്രാം തിരക്കുകള്‍ ഇരുവരെയും രോഗികളാക്കുകയായിരുന്നു. റിച്ചാര്‍ഡ് സെഡേറ്റീവുകള്‍ക്ക് അടിമയാകുകയും കാരന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. 1983ല്‍ കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തുടര്‍ന്നും റിച്ചാര്‍ഡ് ആല്‍ബങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ കാര്‍പെന്റേഴ്‌സ് സൃഷ്ടിച്ച കയ്യൊപ്പിലേക്ക് എത്താല്‍ അവയ്ക്ക് സാധിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News