ബ്രഹ്മപുരം തീപിടിത്തം, കരാറിന്റെ പകര്‍പ്പ് നാളെ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനും സര്‍വ്വീസ് ഓപ്പറേറ്ററും തമ്മിലുള്ള കരാറിന്റെ പകര്‍പ്പ് നാളെ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. മാലിന്യ സംസ്‌ക്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനും സര്‍വ്വീസ് ഓപ്പറേറ്ററും തമ്മിലുള്ള കരാറിന്റെ പകര്‍പ്പ് നാളെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ 7 വര്‍ഷം, ഓപ്പറേറ്റര്‍ക്ക് നല്‍കിയ തുകയുടെ കണക്ക് ഹാജരാക്കണമെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു. കരാര്‍ അനുസരിച്ച് ഉത്തരവാദിത്വം ആര്‍ക്കാണെന്നത് സംബന്ധിച്ച് വ്യവസ്ഥയുണ്ടോയെന്നും കോടതി ചോദിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ
പ്രവര്‍ത്തനം സര്‍ക്കാര്‍ നിരീക്ഷിക്കണമെന്നും തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.

അതേസമയം പ്ലാന്റിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു.അങ്ങനെയെങ്കില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നഷ്ടപരിഹാരം വാങ്ങിച്ചു നല്‍കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

ബ്രഹ്മപുരത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് ജില്ലാ കളക്ടര്‍ കോടതിയെ ബോധിപ്പിച്ചു.തീയണയ്ക്കല്‍ 95 ശതമാനം പൂര്‍ത്തിയായി. വായുഗുണനിലവാരം മെച്ചപ്പെട്ടു. അടുത്ത 7 ദിവസംകൂടി ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കര്‍ശന നിരീക്ഷണം നടത്തുമെന്നും ഓണ്‍ലൈനില്‍ ഹാജരായ കളക്ടര്‍ അറിയിച്ചു. ഖരമാലിന്യ സംസ്‌ക്കരണം എങ്ങനെ നടത്തുന്നുവെന്ന് തദ്ദേശ ഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കോടതി ചോദിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News