ഫോബ്സ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യക്കാരന്‍

മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള 100 ആരോഗ്യ നേതാക്കളുടെ ഫോബ്സ് റാങ്കിങ്ങില്‍ ഒന്നാമത്തെ ഇന്ത്യക്കാരനായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ പട്ടികയിലെ ആദ്യ പത്തിലാണ് ഇടം നേടിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആദ്യ പത്തിലെത്തുന്ന ഏക ഇന്ത്യക്കാരനെന്ന നേട്ടം ഡോ. ഷംഷീര്‍ കരസ്ഥമാക്കുന്നത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ഉള്‍പ്പെടുത്തിയുള്ളതാണ് ഫോബസ് മിഡില്‍ ഈസ്റ്റിന്റെ പട്ടിക. ബിസിനസിന്റെ വലുപ്പം, വരുമാനവും ആസ്തികളും, പ്രവര്‍ത്തനങ്ങളുടെ വൈവിധ്യം, അനുഭവസമ്പത്ത്, സ്വാധീനം, നേട്ടങ്ങള്‍ എന്നിവ വിലയിരുത്തിയാണ് റാങ്കിംഗ്. മീന മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് കഴിഞ്ഞ ഒക്ടോബറില്‍ അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിലൂടെ ഡോ. ഷംഷീറിന്റെ ആസ്തി 2.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി ഫോബ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മിഡില്‍ ഈസ്റ്റില്‍ 16 ആശുപത്രികളും 23 മെഡിക്കല്‍ സെന്ററുകളുമാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് കീഴിലുള്ളത്. ഓണ്‍സൈറ്റ് മെഡിക്കല്‍ സേവന ദാതാവായ ആര്‍പിഎം, പ്രമുഖ ഔഷധ ഉല്‍പ്പാദന കമ്പനിയായ ലൈഫാര്‍മ എന്നിവയുടെ സ്ഥാപകനും വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനമായ അമാനത് ഹോള്‍ഡിംഗ്സിന്റെ വൈസ് ചെയര്‍മാനുമാണ് ഡോ. ഷംഷീര്‍.

റേഡിയോളജിസ്റ്റായി കരിയറിന് തുടക്കമിട്ട ഡോ. ഷംഷീര്‍ ഒന്നരപതിറ്റാണ്ടു കൊണ്ട് മേഖലയിലെ ആരോഗ്യ രംഗത്തുണ്ടാക്കിയ സ്വാധീനത്തിന്റെയും മാറ്റങ്ങളുടെയും കൂടി തെളിവാണ് പട്ടികയിലെ അദ്ദേഹത്തിന്റെ മുന്‍നിര റാങ്കിങ്. 2007ല്‍ അബുദാബിയില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ സ്ഥാപിച്ച് ആരോഗ്യസേവന രംഗത്തേക്ക് കടന്നുവന്ന ഡോ. ഷംഷീറിന് നിലവില്‍ ഇന്ത്യയിലടക്കം ആരോഗ്യ സ്ഥാപനങ്ങളുണ്ട്.

പ്യുര്‍ ഹെല്‍ത്ത് സഹസ്ഥാപകയും സിഒഒയുമായ ഷായിസ്ത ആസിഫ്, ജോര്‍ദാനിലെ ഹിക്മ ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സെയ്ദ് ദര്‍വാസ, ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി,സൗദി അറേബ്യ ആസ്ഥാനമായ ഡോ. സുലൈമാന്‍ അല്‍ ഹബീബ് മെഡിക്കല്‍ സര്‍വീസസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുലൈമാന്‍ അല്‍ ഹബീബ് തുടങ്ങിയവരാണ് ആദ്യ പത്തിലെ മറ്റു പ്രമുഖര്‍.

ജി42 ഹെല്‍ത്ത്കെയര്‍ സിഇഒ ആശിഷ് കോശി, തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍, ലൈഫ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ അബ്ദുള്‍ നാസര്‍, നസീം ഹെല്‍ത്ത്‌കെയര്‍ എംഡി. മുഹമ്മദ് മിയാന്‍ദാദ് വിപി, സുലേഖ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് കോ-ചെയര്‍പേഴ്‌സണ്‍ സനൂബിയ ഷംസ് എന്നീ ഇന്ത്യക്കാരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News