ഇന്ന് മാര്‍ക്‌സിന്റെ 140-ാം ചരമവാർഷികദിനം

കെ സിദ്ധാര്‍ത്ഥ്

മഹാനായ മാര്‍ക്‌സ് മരിച്ചിട്ട് ഇന്നേക്ക് 140 വര്‍ഷം. സ്വജീവിതം പരാജയപ്പെടുത്തിക്കൊണ്ട് മനുഷ്യ മോചനം അപരാജിതമാക്കുകയായിരുന്നു കാള്‍ മാര്‍ക്‌സ്. ദാര്‍ശനികന്റെ വ്യാഖ്യാനത്തിന് മേല്‍ പോരാളിയുടെ മാറ്റിമറിക്കലിന് കടുപ്പം കൂട്ടുകയും.

മാര്‍ക്‌സിന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി ഹൈഗേറ്റില്‍ എത്തിച്ചപ്പോള്‍ ഉണ്ടായിരുന്നത് 11 പേര്‍ മാത്രമാണ്. എന്നാല്‍ 140 കൊല്ലത്തിനിപ്പുറം അതേ സെമിത്തേരി അറിയപ്പെടുന്നത് മാര്‍ക്‌സിനെ അടക്കം ചെയ്തത് കൊണ്ട് മാത്രമാണ്. വി ഹാവ് എ വേള്‍ഡ് ടു വിന്‍ എന്ന് ലോകം മുക്തിക്കായി വിളിക്കുമ്പോഴൊക്കെയും മാര്‍ക്‌സിന്റെ വാക്ക് വാളായി ജ്വലിക്കുകയാണ്.

ഓക്‌സ്‌ഫോര്‍ഡില്‍ പഠിപ്പിച്ച് പോക്കറ്റ് നിറയ്ക്കാമായിരുന്ന അറിവിനെ വര്‍ത്തമാനത്തിന് വിട്ടുകൊടുക്കുകയായിരുന്നില്ല മാര്‍ക്‌സ്. ലോകത്തിന്റെ ഭാവി മെച്ചപ്പെടുത്താന്‍ ഭൂതത്തെ മാറ്റിമറിച്ചു. വീട്ടില്‍ അടുപ്പ് പുകയാതിരുന്നപ്പോഴും പലിശക്കാര്‍ ശല്യപ്പെടുത്തിയപ്പോഴും മാര്‍ക്‌സ് മനുഷ്യ മോചനത്തിന് രൂപരേഖ ചമയ്ക്കുന്ന പണി പാതിയില്‍ പറഞ്ഞുനിര്‍ത്തിയില്ല. മാര്‍ക്‌സ് മരിച്ചല്ലോ എന്നാശ്വസിക്കുന്നവന് പോലും കരുത്തേകാന്‍ കൂടെ നിന്ന് മുഷ്ടി ചുരുട്ടി.

ഇന്നും തിയറി ഓഫ് എവെരിതിങ്ങായി തുടരുകയാണ് മാര്‍ക്‌സിസം. വിമോചന ദൈവശാസ്ത്രം മുതല്‍ ഇക്കോളജി വരെ, ഏതു വിഷയത്തിലും പ്രയോഗിക്കാനായി പടര്‍ന്നു കിടക്കുകയാണത്. മരിച്ചു നൂറ്റാണ്ടുകള്‍ക്കിപ്പുറമായാലും ചൂഷണത്തിന്റെ ഏറ്റവും സൂക്ഷ്മരൂപവും ഇല്ലാതാകുന്നതുവരെ മാര്‍ക്‌സ് ഈ മണ്ണില്‍ അവശേഷിക്കും. ഇനിവരും സമരങ്ങള്‍ക്കായി ആശയലോകവും ആയുധപ്പന്തിയും കരുത്തുറ്റതാക്കും. അടിമക്കണ്ണികള്‍ മുറിഞ്ഞു പോകുന്ന കാലത്ത്, മനുഷ്യവര്‍ഗമൊന്നാകുന്ന കാലത്ത്, മാര്‍ക്‌സിന്റെ ഓര്‍മ മരിക്കും, മുതലാളിത്തം മരിക്കുന്നതിനൊപ്പം. കൂടുതല്‍ തെളിച്ചമുള്ള കാലം വരിക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News