തോഷഖാന കേസില്‍ ഇസ്ലാമാബാദിലെ കോടതികള്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഉപയോഗിച്ച് പാക് തെഹരീക് ഇ ഇന്‍സാഫ് നേതാവും മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ഖാനെ പൂട്ടാനാണ് ഭരണകൂട നീക്കം. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ കുറഞ്ഞ വിലക്ക് വിറ്റ് നേട്ടമുണ്ടാക്കി എന്ന കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സെബാ ചൗധരിയെയും പൊലീസ് സംഘത്തെയും റാലിക്കിടെ ഭീഷണിപ്പെടുത്തി എന്ന കേസിലും ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഉണ്ട്.
മാര്‍ച്ച് അഞ്ചിന് ഇസ്ലാമാബാദില്‍ നിന്ന് ഹെലികോപ്റ്ററില്‍ ലാഹോറിലെത്തിയ പൊലീസ് സംഘം ഒരാഴ്ചയായി അറസ്റ്റിന് അവസരം കാത്തിരിക്കുകയാണ്. ഇമ്രാന്റെ വസതിയായ സമന്‍ പാര്‍ക്കില്‍ കയറി ഇന്നുതന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ തരുന്ന സൂചന.
ലാഹോറിലും മറ്റും ഇമ്രാന്റെ നേതൃത്വത്തില്‍ ഷഹബാസ് ശരീഫ് സര്‍ക്കാരിനെതിരെ കൂറ്റന്‍ റാലികളാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സ്ഥാനഭ്രഷ്ടനായത് മുതല്‍ ഇമ്രാന്‍ പോരാട്ടവുമായി തെരുവിലുണ്ട്. ഹഖീഖി ആസാദിറാലിക്കിടെ ഇമ്രാന് നേരെ വധശ്രമവും ഉണ്ടായിരുന്നു. ജനകീയ രോഷം ഉപയോഗിച്ച് പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഇമ്രാന്‍ ഖാനെ ജയിലില്‍ അടച്ച് തളര്‍ത്താനായിരിക്കും സര്‍ക്കാര്‍ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here