ദിപിന്‍ മാനന്തവാടി
നായകന്മാര്‍ നിത്യഹരിത യൗവ്വനം കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങുമ്പോള്‍ അഭിനയശേഷിയുള്ള നായികമാര്‍ ഒരുപ്രായം കഴിയുമ്പോള്‍ വിസ്മൃതിയിലേക്ക് മറയും. ഇന്ത്യന്‍ സിനിമയില്‍ നിലനില്‍ക്കുന്ന ഈ നടപ്പുരീതിയെ മറികടന്ന അഭിനേത്രിമാര്‍ ഇല്ലായെന്ന് തന്നെ പറയാം. 2017ല്‍ 54-ാം വയസ്സില്‍ മികച്ച നടിക്കുള്ള രജത ചകോരം പുരസ്‌കാരം നേടിയ ശ്രീദേവി ഒരു അപൂര്‍വ്വ കാഴ്ചയാണ്.
പ്രായമായ അഭിനേത്രികള്‍ക്ക് വേണ്ടി തിരക്കഥകള്‍ ഒരുങ്ങുന്നില്ലെന്ന് രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായ ഷര്‍മ്മിള ടാഗോര്‍ തന്റെ 68-ാം വയസ്സില്‍ പരാതി പറഞ്ഞത്, പ്രായം അഭിനയ സാധ്യതയെ പരിമിതപ്പെടുത്തുന്നതിന്റെ വേദന പങ്കുവയ്ക്കല്‍ കൂടിയായിരുന്നു. ഇന്ത്യന്‍ സിനിയിലെ നായികാ സങ്കല്‍പ്പം, അല്ലെങ്കില്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുന്ന പ്രായസങ്കപ്പം അഭിനയമികവിനെക്കാള്‍ അഭിനേത്രികളുടെ പ്രായപരിമിതികളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഒരു പ്രായം കഴിഞ്ഞാല്‍ മികച്ച നടിയെന്ന മത്സരവിഭാഗത്തില്‍ നിന്നും അഭിനേത്രിമാര്‍ പുറത്താവുകയും എത്രമികച്ച അഭിനയം കാഴ്ചവച്ചാലും സ്വഭാവ നടിയെന്ന കോളത്തിലേയ്ക്ക് ചുരുങ്ങുകയും ചെയ്യുന്നത് ഇന്ത്യന്‍ സാഹചര്യത്തിലെ പതിവ് കാഴ്ചയാണ്.
ഇവിടെയാണ് മിഷേല്‍ യോയുടെ ഓസ്‌കാര്‍ പുരസ്‌കാര നേട്ടം ലോമെമ്പാടുമുള്ള അഭിനേത്രികള്‍ക്കും പ്രചോദനമാകുന്നത്. അറുപതുകാരിയായ മിഷേല്‍ ഓസ്‌കാര്‍ പുരസ്‌കാരം നെഞ്ചോടുചേര്‍ത്തു വച്ച് പറഞ്ഞ വാക്കുകള്‍ പൊതുവെ അഭിനയത്തെ ഹൃദയവികാരമായി സൂക്ഷിക്കുന്ന അഭിനേത്രിമാരുടെയെല്ലാം ആത്മപ്രകാശനമായിരുന്നു. ‘സ്ത്രീകളെ നിങ്ങളുടെ നല്ല കാലം കഴിഞ്ഞുപോയല്ലോ എന്ന് പരിതപിക്കാന്‍ ആരെയും നിങ്ങള്‍ അനുവദിക്കരുത്. ഒരിക്കലും തോറ്റുകൊടുക്കരുത്.’ അറുപതാം വയസ്സില്‍ ഓസ്‌കാറിലെ മികച്ച നടിക്കുള്ള പുരസ്‌കാരം നെഞ്ചോടൊതുക്കി, ലോകസിനിമയിലെ സ്ത്രീകള്‍ക്ക് ഇതിലും വലിയ എന്തു പ്രചോദനമാണ് ഒരു അഭിനേത്രിക്ക് നല്‍കാന്‍ സാധിക്കുക.
മിഷേലിന്റെ ജീവിതവും പ്രചോദനത്തിന്റെ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നതാണ്. ബാലെ ഡാന്‍സറാകാനുള്ള മോഹത്തിനൊടുവില്‍ അവിചാരിതമായി കാമറയ്ക്ക് മുന്നിലേക്ക് എത്തപ്പെടുകയായിരുന്നു മിഷേല്‍. ജാക്കിചാനെല്ലാം അടക്കിവാഴുന്ന ആക്ഷന്‍ സിനിമകളുടെ സ്ത്രീമുഖമായി 22-ാം വയസ്സിലാണ് മിഷേലിന്റെ അരങ്ങേറ്റം. അതിനും ഒരുവര്‍ഷം മുമ്പ് ജാക്കിചാനൊപ്പം ചെയ്ത ടെലിവിഷന്‍ പരസ്യചിത്രം മിഷേലിന് വഴിത്തിരിവായിരുന്നു. മലേഷ്യന്‍ സുന്ദരിയായി മിഷേല്‍ തിരഞ്ഞെടുക്കപ്പെട്ടതും അതേ വര്‍ഷം തന്നെയായിരുന്നു. ഇതെല്ലാമായിരുന്നു മിഷേലിന്റെ സിനിമാ പ്രവേശനത്തിന് നിമിത്തമായത്.
ആയോധനകലകള്‍ പരിശീലിക്കാതെയായിരുന്നു സംഘട്ടനരംഗങ്ങളില്‍ മെയ്വഴക്കത്തോടെയും തന്മയത്വത്തോടെയും മിഷേല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. ജാക്കിചാനൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ മിഷേല്‍ അമ്പരിപ്പിച്ചപ്പോള്‍ ഹോങ്കോങ് സിനിമാലോകം ഈ ആക്ഷന്‍ സുന്ദരിക്ക് പിന്നാലെ കൂടി. പ്രായം മുപ്പതുകളുടെ മധ്യത്തില്‍ നില്‍ക്കെ ഹോളിവുഡ് സിനിമയില്‍ അതും ജെയിംസ് ബോണ്ടിനൊപ്പം തുടക്കം കുറിക്കാന്‍ മിഷേലിന് വഴിതുറന്നത് ആക്ഷന്‍ സിനിമകളില്‍ പ്രകടിപ്പിച്ച തന്മയത്വം തന്നെയായിരുന്നു.
ഹോളിവുഡ് ആക്ഷന്‍ രംഗങ്ങളില്‍ തീപ്പൊരിയായി മാറിയ മിഷേല്‍ ജെയിംസ് ബോണ്ടിന്റെ ആക്ഷന്‍ കൗണ്ടര്‍ പാര്‍ട്ട് എന്ന നിലയില്‍ ആരാധകര്‍ക്കും പ്രിയങ്കരിയായി. ആക്ഷന് പുറമെ കോമഡി സിനിമകളിലും മിഷേല്‍ സാന്നിധ്യമറിയിച്ചു. സയന്‍സ് ഫിക്ഷന്‍ സിനിമകളും മിഷേലിന്റെ കരിയര്‍ മികവില്‍ അടയാളപ്പെടുപ്പെട്ടു.
അറുപതാം വയസ്സിലും’എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന കരിയര്‍ ബെസ്റ്റ് ചിത്രം മിഷേലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സിനിമ കൂടിയായി. ആക്ഷന്‍ സിനിമകളിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വന്ന മിഷേല്‍ വാര്‍ദ്ധക്യത്തിലേയ്ക്ക് കാലൂന്നുന്ന ഘട്ടത്തില്‍ ഒരു ആക്ഷന്‍ സിനിമയിലൂടെ അഭിനയമികവിന്റെ ഏറ്റവും സമുന്നതമായ പുരസ്‌കാരത്തിന് അര്‍ഹയായി എന്നത് കാലം കരുതിവച്ച കാവ്യനീതികൂടിയാണ്. ‘വലിയ സ്വപ്നങ്ങള്‍ കാണൂ, ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നതിന്റെ തെളിവാണ് ഈ പുരസ്‌കാരം’ എന്ന് ഓസ്‌കാര്‍ വേദിയില്‍ നിന്ന് മിഷേല്‍ വിളിച്ചുപറയുമ്പോള്‍ അത് ലോകസിനിമയിലെ അഭിനേത്രിമാരുടെ വിമോചന പ്രഖ്യാപനം കൂടിയായി മാറുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here